ന്യൂദല്‍ഹി: ശ്രീരാമ ജന്മഭൂമിയില് ഭവ്യമായ രാമക്ഷേത്രം എന്ന ഏറ്റവും പ്രിയങ്കരമായ സ്വപ്നം ആസന്നമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ വാക്കുകള്‍ക്ക് അതീതമായ ആഹ്ലാദത്തിലാണ് താന്‍ എന്ന് എല്‍ കെ അദ്വാനി. 2024 ജനുവരി 22ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അയോധ്യയിലെ മനോഹരമായ ക്ഷേത്രത്തില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ടിക്കുമ്പോള്‍, ചരിത്ര സന്ദര്‍ഭത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നു എന്നത് ജീവിത സൗഭാഗ്യമാണ് ‘ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണം’ എന്നപേരില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. വിശ്വാസം എന്നത്, വ്യക്തിയുടെ ജീവിതത്തില്‍ ഊര്‍ജവും ആത്മവിശ്വാസവും പകരാന്‍ മാത്രമല്ല, ദിശാബോധം നല്‍കാനും വിശ്വാസം സഹായിക്കുന്നു എന്നാണ് എല്ലായിപ്പോഴും വിശ്വസിക്കുന്നത്.. എനിക്കും കോടാനുകോടി ഭാരതീയര്‍ക്കുമുള്ള ഈ വിശ്വാസമാണ് ശ്രീരാമനോടുള്ള അഗാധമായ ഭക്തി.
500 വര്‍ഷത്തിലേറെയായി അയോധ്യയിലെ രാമക്ഷേത്രം പുനര്‍നിര്‍മ്മാണം എണ്ണമറ്റ ഭാരതീയരുടെ അഗാധമായ ആഗ്രഹമാണ്. ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിനായുള്ള രാമജന്മഭൂമി പ്രസ്ഥാനം 1947നു ശേഷമുള്ള ഭാരതത്തിന്റെ ചരിത്രത്തിലെ പ്രധാന ജലരേഖയുമാണ്. നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും ദേശീയ സ്വത്വബോധത്തിലും അതുണ്ടാക്കിയ ആഘാതം കനത്തതായിരുന്നു.
മതേതരത്വവും കപട മതേതരത്വവും തമ്മിലുള്ള വ്യത്യാസമായിരുന്നു രാമജന്മഭൂമി പ്രസ്ഥാനത്തിലെ സുപ്രധാന സംവാദം. ഒരുവശത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനകീയ പിന്തുണ. മറുവശത്ത് മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ഒഴിഞ്ഞ് നിന്ന രാഷ്ട്രീയപാര്‍ട്ടികള്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വശീകരണത്തിന് വഴങ്ങി അവര്‍ മതേതരത്വത്തിന്റെ പേരില്‍ അതിനെ ന്യായീകരിച്ചു. അയോധ്യ പ്രശ്നം, രാമജന്മഭൂമി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന പാഥമിക ലക്ഷ്യത്തിനൊപ്പം കപട മതേതരത്വത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് മതേതരത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചുപിടിക്കുന്നതിന്റെ പ്രതീകം കൂടിയായി.
2024 ജനുവരി 22ന് വരാനിരിക്കുന്ന പ്രത്യേക അവസരത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള അന്തരീക്ഷം യഥാര്‍ത്ഥത്തില്‍ ‘രാമമായി’ ആയി മാറിയിരിക്കുന്നു.
ആര്.എസ്.എസിന്റേയും ബി.ജെ.പി.യുടേയും അഭിമാനിയായ ഒരു അംഗം എന്ന നിലയില്‍ മാത്രമല്ല രാജ്യത്തിന്റെ ഉന്നതിയില്‍ അഭിമാനിക്കുന്ന പൗരന് എന്ന നിലയിലും ഇത് എനിക്ക് നിര്‍വൃതിയുടെ നിമിഷമാണ്. അദ്വാനി പറഞ്ഞു.
അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രാണപ്രതിഷ്ഠ’ ചെയ്യുമ്പോള്‍ അദ്ദേഹം പ്രതിനിധീകരിക്കുക നമ്മുടെ മഹത്തായ ഭാരതത്തിലെ എല്ലാ പൗരന്മാരേയും ആണ്. ശ്രീരാമന്റെ സദ്ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍, ക്ഷേത്രം മുഴുവന്‍ ഭാരതീയരേയും പ്രചോദിപ്പിക്കും എന്നാണ് എന്റെ വിശ്വാസവും പ്രതീക്ഷയും. നമ്മുടെ മഹത്തായ രാജ്യം ആഗോള ശക്തിയാകാനുള്ള പാതയിലൂടെ ത്വരിതഗതിയില്‍ മുന്നേറുക മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാന്യതയുടെയും അലങ്കാരത്തിന്റെയും ഉദാഹരണമായി മാറട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നതായും എല്‍ കെ അദ്വാനി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: