തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന നല്കി അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമാകാനൊരുങ്ങി 2024. മഴ കുറയാന്‍ കാരണമായ എല്‍നിനോ തുടരുന്നതാണ് തണുപ്പ് കുറയാനും ചൂട് കൂടാനുമുള്ള കാരണം.
തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യവും തണുപ്പ് മൈനസിലേക്ക് എത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ 10 ഡിഗ്രിയില്‍ താഴേക്ക് കാലാവസ്ഥ എത്തിയത് പോലും അപൂര്‍വമായാണ്. കാലം തെറ്റിയെത്തിയ മഴയും പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയില്‍ തണുപ്പ് കുറഞ്ഞതുമെല്ലാം ഇതിന്റെ വ്യക്തമായ സൂചനകളാണ്. വരാനിരിക്കുന്നത് കടുത്ത വേനലാണ് എന്നതും ഇക്കാര്യങ്ങളിലൂടെ വ്യക്തമാകുകയാണ്.
സംസ്ഥാനത്ത് പകല്‍ സമയത്ത് കൂടിയ താപനില 32 മുതല്‍ 36 ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ് നിലവില്‍. ചിലയിടങ്ങളില്‍ താപനില 38 ന് മുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി സമയത്തെ ശരാശരി താപനില 22നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇടുക്കിയിലെ വട്ടവടയിലാണ് ഏറ്റവും കുറഞ്ഞ താപനില ഇതുവരെ രേഖപ്പെടുത്തിയത്, 10.2 ഡിഗ്രി സെല്‍ഷ്യസ്. കുണ്ടളയില്‍ 10.8 ഡിഗ്രിയും ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തി.
പസഫിക് സമുദ്രത്തില്‍ തുടരുന്ന എല്‍നിനോയാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കൊച്ചി കുസാറ്റിലെ റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. എല്‍ നിനോയുടെ ഭാഗമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം മൂലം അന്തരീക്ഷ അതിമര്‍ദ മേഖല ഭാരതത്തിന്റെ സമീപത്തായി നിലകൊള്ളുകയാണ്. ഇതിനൊപ്പം അറബിക്കടലില്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും കൂടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീരദേശ മേഖലയും ചൂടുപിടിച്ച് കിടക്കുകയാണ്. പോസിറ്റീവ് ഇന്ത്യന്‍ ഡൈ പോളിന്റെ പോലെ തന്നെ സമാനമായ സാഹചര്യമാണ് ഇത് മൂലം അറബിക്കടലിലുള്ളത്. ഇവ രണ്ടുമാണ് നിലവില്‍ സംസ്ഥാനത്തെ കാലാവസ്ഥയെ തകിടംമറിച്ചത്.
ഈ മാസം 3-ാം വാരത്തോടെ കുറച്ച് ദിവസം അല്പം തണുപ്പ് കിട്ടാന്‍ സാധ്യതയുണ്ട്. ജനുവരി കഴിഞ്ഞ് ഫെബ്രുവരി എത്തുന്നതോടെ ചൂട് വീണ്ടും കൂടുമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം സംസ്ഥാനത്ത് 2019 ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 2019ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: