ന്യൂദല്‍ഹി : പാക് അധിനിവേശ കാശ്മീരിലെ (പിഒകെ) മിര്‍പൂരില്‍ പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ജെയ്ന്‍ മാരിയറ്റ് സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ഈ മാസം 10നാണ് ജെയ്ന്‍ മാരിയറ്റ് മിര്‍പുര്‍ സന്ദര്‍ശിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ് പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറില് നിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മിര്‍പൂര്‍ സന്ദര്‍ശിക്കുന്ന ജെയ്ന്‍ മാരിയറ്റ് ഇതിന്റെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചിരുന്നു. ബ്രിട്ടനിലെ 70 ശതമാനം പാകിസ്ഥാന്‍കാരുടെ വേരുകളും മിര്‍പൂരില്‍ നിന്നാണ്. ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങള്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. നിങ്ങളുടെ ആതിഥ്യത്തിന് നന്ദി” ചിത്രങ്ങള്‍ക്കൊപ്പം അവര്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: