തിരുവനന്തപുരം: റേഷൻ വിതരണക്കാർ അനിശ്ചിതകാല സമരം കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെട്ടേക്കും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതോടെയാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം നടത്തുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
നിലവിൽ കിട്ടാനുള്ള നൂറു കോടി രൂപ തന്നു തീർക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണ് കരാറുകാർ. എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.
സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും. അതേസമയം, കരാറുകാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അവരുമായി ചർച്ച നടത്തും. മിക്ക റേഷൻ കടകളിലും സ്റ്റോക്കുള്ളതിനാൽ സമരം റേഷൻ വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: