ശബരിമല: മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ഓള് ഹിന്ദു ടെംപിള്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി രണേഷ് രാം പ്രസാദ്. തിരക്ക് നിയന്ത്രണത്തിന്റെ മുമ്പ് ഒരിക്കലും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ സര്‍ക്കാരിന് മറ്റ് ലക്ഷ്യങ്ങളുണ്ട്.
ഏതൊരു അയ്യപ്പ ഭക്തന്റെയും ആഗ്രഹമാണ് മകരവിളക്ക് ദിവസം തിരുവാഭരണ വിഭൂഷിതനായ കലിയുഗ വരദനെ ദര്‍ശനം നടത്തുക എന്നത്. എന്നാല്‍ ഇക്കുറി ഭക്തരെ മകരവിളക്ക് ഉത്സവത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുമ്പ് ഒരിക്കലും ഉണ്ടാകാത്ത വിധം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. 24 മണിക്കൂര്‍ കാത്ത് നിന്നിട്ടും ദര്‍ശനം ലഭിക്കാതെ ഭക്തര്‍ മടങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് സര്‍ക്കാരും പോലീസും വ്യക്തമാക്കണം.
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ അറിവോടെ പോലീസ് പെരുമാറുകയാണ്. ഇതിന് വേണ്ടി എഡിജിപിയുടെ തന്നെ പ്രവര്‍ത്തിക്കുകയാണ്. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള അധികാരത്തര്‍ക്കവും ക്ഷേത്രത്തിന്റെ സുഗമമായുള്ള മുന്നോട്ട് പോക്കിന് തടസമായിട്ടുണ്ട്. മകരവിളക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും പോലീസും സര്‍ക്കാരും തയ്യാറാവണമെന്ന് രണേഷ് രാം പ്രസാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: