വല്ലപ്പോഴുമൊക്കെ ചിരിച്ചില്ലെങ്കില്‍ ആ സിദ്ധി മറന്നുപോകുമെന്ന് എംടിയുടെ ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ. എംടിയും വല്ലപ്പോഴും മാത്രമേ ചിരിച്ചുകാണാറുള്ളൂ. സാഹിത്യത്തെക്കുറിച്ചായാലും സാഹിത്യേതര വിഷയങ്ങളെക്കുറിച്ചായാലും അപൂര്‍വമായി മാത്രമേ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പ്രതികരിച്ചുകൊടുക്കപ്പെടുന്ന രീതി ഈ എഴുത്തുകാരന് അന്യമാണ്. അതുകൊണ്ടാവാം, സംയുക്ത പ്രസ്താവനകളിലൊന്നും ആ പേരു കാണാറില്ല.
ഇതാണ് എംടിയുടെ പൊതുരീതിയെങ്കിലും ചിലതൊക്കെ പറയേണ്ട സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദത പാലിക്കാറില്ല. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആലോചിച്ചുറച്ച് പറഞ്ഞിരിക്കും. വഞ്ചനയും കാപട്യവും സാര്‍വത്രികമാകുമ്പോള്‍ സത്യം പറയുന്നതാണ് വിപ്ലവമെന്ന് ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെയൊരു രീതി എംടിയും പിന്തുടരുന്നതു കാണാം. കവി ഉദ്ദേശിച്ചത് അതല്ല എന്നമട്ടില്‍, പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയോ തിരുത്തുകയോ ചെയ്യാറുമില്ല.
കോഴിക്കോട്ടെ കേരള സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് എംടി പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു ഓര്‍വെല്ലിയന്‍ ടച്ചുണ്ട്. കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റെ തിന്മകള് മാനവരാശിക്കുമുന്നില്‍ പ്രവചന സ്വഭാവത്തോടെ തുറന്നുകാണിച്ച ഓര്‍വെല്ലിനെ പിന്നീട് ചരിത്രം ശരിവയ്ക്കുകയുണ്ടായി. മലയാളികളായ വായനക്കാര്‍ക്കും സുപരിചിതരായ വില്‍ഹെം റീഹിന്റെയും മാക്സിം ഗോര്‍ക്കിയുടെയും ആന്റണ്‍ ചെക്കോവിന്റെയും മാര്‍ക്സിസ്റ്റ് വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തി കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തോടുള്ള തന്റെ നിശിതമായ എതിര്‍പ്പ് മുന്‍കാല പ്രാബല്യത്തോടെ പ്രകടിപ്പിക്കുകയാണ് എംടി ചെയ്തിരിക്കുന്നത്.
കമ്യൂണിസത്തിന്റെ പേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലും നടമാടിയ, പരിമിതമായ തോതില്‍ പശ്ചിമബംഗാളിലും ആവര്‍ത്തിക്കപ്പെട്ട കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റെ അശ്ലീലക്കാഴ്ചകളും ഭീകരതയുടെ കാലൊച്ചകളും കൊച്ചുകേരളത്തെ മറ്റൊരു ‘അനിമല്‍ ഫാം’ ആക്കി മാറ്റുന്നതിന്റെ അസ്വസ്ഥതയാണ് എംടിയുടെ വാക്കുകളില്‍ നിറയുന്നത്.
എംടി പൊതുവായി ചിലത് പറയുകയല്ല ചെയ്തിരിക്കുന്നത്. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ കേരളത്തിലെ ഇടതുഭരണത്തെ, അതിന് നേതൃത്വം കൊടുക്കുന്നവരെ അതിനിശിതമായി വിമര്‍ശിക്കുകയാണ്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ മോശം ഉപോല്‍പ്പന്നങ്ങളിലൊന്നായ പിണറായി വിജയന് എന്ന ഭരണാധിപനെ ജനമധ്യത്തില്‍ പിടിച്ചുനിര്‍ത്തി പരസ്യവിചാരണ ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടു തന്നെ ഇങ്ങനെ ചെയ്യാനുള്ള ആര്‍ജവം കാണിച്ച എംടിയോട് കേരളം കടപ്പെട്ടിരിക്കുന്നു.
ആള്‍ക്കൂട്ടം ഉത്തരവാദിത്വമുള്ള സമൂഹമായി മാറാതെ അവരെ ക്ഷോഭിപ്പിച്ചും ആരാധകരാക്കിയും പടയാളികളാക്കിയും, ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളാണ് സ്വാതന്ത്ര്യമെന്ന് അവരെ പഠിപ്പിച്ചു. ഈ അമിതാധികാര പ്രയോഗത്തെ എംടി നിരാകരിക്കുകയാണ്. ഒരുകാലത്ത് സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നതിനെയാണ് എംടി പ്രശ്നവല്‍ക്കരിച്ചിട്ടുള്ളത്. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിനും, അധികാരപ്രമത്തതയുടെ നവകേരള സദസ്സുകള്‍ക്കും ഇതൊന്നും ബാധകമല്ലെന്നു പറയുന്നവര്‍ സ്വയം വിഡ്ഢികളാവുകയേയുള്ളൂ. പിണറായിയെക്കുറിച്ചല്ല, വേദിയിലുണ്ടായിരുന്ന സിനിമാതാരം ഷീലയെക്കുറിച്ചാണ് എംടി ഇതൊക്കെ പറഞ്ഞതെന്ന് വാദിക്കാനും വിധേയന്മാര് തയ്യാറായെന്നിരിക്കും.
എംടിയെപ്പോലെ ഒരാള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ വിമര്‍ശനം നടത്തേണ്ടി വരുന്നതിന്റെ സാഹചര്യം വ്യക്തമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി എല്ലാറ്റിന്റെയും കാരണഭൂതനായി, അങ്ങേയറ്റം ജനവിരുദ്ധനായി മാറിയിരിക്കുകയാണ്. അഴിമതിയെ പുരോഗതിയായും അണികളുടെ അക്രമം രക്ഷാപ്രവര്‍ത്തനമായും കാണുന്ന, ജനങ്ങളെക്കൊണ്ട് ഇതൊക്കെ സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വേച്ഛാധിപതിയെ സഹിക്കേണ്ടിവന്നിരിക്കുകയാണ്. ഭരണപരമായ ഉത്തരവാദിത്വങ്ങളൊന്നും നിറവേറ്റാതെ ജനങ്ങളില്‍ ഭയം ജനിപ്പിച്ച് സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുന്ന ഒരാള്‍ നാടിന്റെ ഐശ്വര്യവും ദൈവത്തിന്റെ വരദാനമാണെന്നും കത്തിജ്വലിക്കുന്ന സൂര്യനാണെന്നുമൊക്കെ വാഴ്ത്തിപ്പാടുന്നത് രാഷ്ട്രീയ ജീര്‍ണത മാത്രമല്ല, സാംസ്കാരിക അധഃപതനവുമാണ്.
ഇതിനെതിരെ പ്രതികരിക്കാന്‍ ബാധ്യസ്ഥരായ സാംസ്കാരിക നായകന്മാര് നിശ്ശബ്ദരാണ്; ജനങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും. സ്ഥാനമാനങ്ങള്‍ നല്കി ഓരോരുത്തരെയും വിലയ്ക്കെടുക്കുകയാണ്. ഊഴംകാത്തുനില്‍ക്കുന്നവര്‍ അനീതികള്‍ കാണുമ്പോള്‍ വഴിമാറി നടക്കുന്നു. വഴങ്ങാത്തവരെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയും വകവരുത്തും. ഇതിനെ പ്രതിരോധിച്ചില്ലെങ്കില്‍ പ്രബുദ്ധതയുടെ ഇത്തിരിയിടംപോലും നഷ്ടമാകുമെന്ന തിരിച്ചറിവ് എംടിക്കുണ്ട്.
ഇടതുഭരണത്തിന് കീഴില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, എവിടേക്കാണ് നാട് പോകുന്നതെന്നും നന്നായി അറിയാമായിരുന്നിട്ടും കാതടപ്പിക്കുന്ന നിശ്ശബ്ദത പുലര്‍ത്തുന്നവര്‍ സാഹിത്യോത്സവ വേദിയിലുണ്ടായിരുന്നു. കാവ്യചഷകത്തിലെ വീഞ്ഞില്‍ മുക്കി അധികാരത്തിന്റെ അപ്പം ഭക്ഷിക്കുന്ന കവി സച്ചിദാനന്ദന്, ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് കരപറ്റാനുള്ള ഒരു സാധ്യതയും മലയാളിക്കു മുന്നിലില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന, അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് മലയാളികളെ പരുവപ്പെടുത്തുന്ന എം.മുകുന്ദനുമൊക്കെ ഇരിക്കുന്ന വേദിയിലാണ് ഒരു എഴുത്തുകാരന്റെ സത്യസന്ധതയും ധീരതയും എന്താണെന്ന് എംടി കാണിച്ചുതന്നിരിക്കുന്നത്. ഒരു സംസ്കൃതിയുടെ വിരിമാറിലൂടെ ഒഴുകുന്ന നിളയ്ക്ക് ഭാരതപ്പുഴ എന്നാണ് പേരെന്നും, അതിന് ഒന്നും രണ്ടുമല്ല ഒരുപാട് കരകളുണ്ടെന്നും അറിയാവുന്നയാളുമാണല്ലോ എംടി.
ഓര്‍വെല്ലും ചെക്കോവും ഗോര്‍ക്കിയുമെല്ലാം വലിയ എഴുത്തുകാര്‍ മാത്രമല്ല, വലിയ മനുഷ്യരുമായിരുന്നു. എംടിക്കുമുണ്ട് ഈ ഔന്നത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: