ആലുവ: യന്ത്ര തകരാര്‍ പരിഹരിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ തറച്ച് കയറിയ ലോഹഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
പാറമടയിലെ ഡ്രൈവിങ് തൊഴിലാളിയായ തമിഴ്നാട് സ്വദേശിക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയാക് തൊറാസിക് സര്ജന് ഡോ.ശിവ് കെ നായറിന്റെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘം അതിവിദ്ഗദമായി ലോഹഭാഗം പുറത്തെടുത്തു.
ജനുവരി 2ന് ആണ് കോതമംഗലത്തെ പാറമടയിലെ ഹിറ്റാച്ചി ഓപ്പറേറ്ററായ നാല്‍പ്പത്തി നാലുകാരനെ യന്ത്രത്തിന്റെ ലോഹഭാഗം തറച്ച നിലയില്‍ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹിറ്റാച്ചിയുടെ വീലിനുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനിടെ യന്ത്രത്തില്‍ നിന്നു ഒരു ലോഹഭാഗം ഊരി തെറിച്ച് നെഞ്ചില്‍ തുളച്ച് കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലില്‍ ആദ്യം രക്തസ്രാവം നിയന്ത്രിച്ചു. തുടര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയില്‍ നെഞ്ചിനും ശ്വാസകോശത്തിനും ഇടയിലുള്ള പ്ലൂറല്‍ അറയില്‍ രക്തവും വായുവും നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി.
അത് നീക്കം ചെയ്യാന്‍ ട്യൂബ് തൊറക്കോസ്റ്റമി എന്ന മാര്‍ഗമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. പിന്നീട് നടത്തിയ സിടി സ്കാനിങില്‍ ലോഹഭാഗം ശ്വാസകോശത്തിന്റെ രണ്ടാമത്തെ
ലോബും കടന്ന് മൂന്നാമത്തെ ലോബില്‍ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി.
ഡോ.ശിവ് കെ നായറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍, ഡോ.റിജു രാജസേനന് നായര്‍ (സര്ജന്, കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് വിഭാഗം), അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിന് എന്നിവര്‍ ചേര്‍ന്ന് ശ്വാസകോശത്തിലെ മൂന്നാമത്തെ ലോബില്‍ നിന്ന് ലോഹഭാഗം പുറത്തെടുത്തു.
ഹൃദയത്തില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ശ്വാസകോശത്തില്‍ തറഞ്ഞ് കയറിയ ലോഹഭാഗം ജീവന് തന്നെ ഭീഷണിയായിരുന്നുവെന്നും, കൃത്യ സമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞതാണ് നിര്‍ണായകമായതെന്നും കാര്‍ഡിയാക് തൊറാസിക് സര്ജന് ഡോ.റിജു രാജസേനന് നായര്‍ പറഞ്ഞു. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ പരുക്കേറ്റയാള്‍ വീട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: