മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി എറണാകുളം ജില്ലക്കാരനും പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശിയുമായ സവാദ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയിലായ സംഭവം ഒരേസമയം ആശ്വാസവും ആശങ്കാജനകവുമാണ്. അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ഷാജഹാന്‍ എന്ന പേരില്‍ പതിമൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന ഇസ്ലാമിക ഭീകരനെ കണ്ടെത്താന്‍ കഴിഞ്ഞതാണ് ആശ്വാസം. അതേസമയം ഇത്രയേറെക്കാലം ഇയാള്‍ക്ക് കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയാന്‍ സാധിച്ചു എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. പിടിയിലായ സവാദ് കേസിലെ പ്രതികളിലൊരാള്‍ മാത്രമല്ല, ഒന്നാംപ്രതി തന്നെയാണ്. 2010 ല്‍ ഒരു ദിവസം പുലര്‍ച്ചെ ആരാധനാലയത്തില്‍ പോയി മടങ്ങിവരികയായിരുന്ന അധ്യാപകന്റെ കൈ മഴുകൊണ്ട് വെട്ടിമാറ്റിയത് സവാദായിരുന്നു. ഈ മഴുവുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇയാളെ പിടികൂടാനാവാത്തത് കേസന്വേഷണത്തിന് വിഘാതം സൃഷ്ടിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധംപോലും കണ്ടെത്താനായില്ലെന്ന് ചില കോണുകളില്‍നിന്ന് പരിഹാസമുയര്‍ന്നു. കേസിന്റെ രണ്ട് ഘട്ടമായി നടന്ന വിചാരണയ്‌ക്കൊടുവില്‍ പ്രതികളില്‍പലരും ശിക്ഷിക്കപ്പെടുകയും ചിലരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. അപ്പോഴും ഒന്നാം പ്രതി കാണാമറയത്തു തുടര്‍ന്നു. ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഇയാളില്‍നിന്ന് സംഭവത്തിന്റെ കൂടുതല്‍ പ്രതികളിലേക്കും ഗൂഢാലോചനക്കാരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.
ഷാജഹാന്‍ എന്ന പേരില്‍ കണ്ണൂരിലെ മട്ടന്നൂരില്‍ മരപ്പണി ചെയ്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ആര്‍ക്കും തിരിച്ചറിയാനായില്ലെന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. നാട്ടുകാരുടെ കാര്യത്തില്‍ ഇത് ശരിയായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം ഭാര്യയും രണ്ട് കുട്ടികളുമായി പണിയെടുത്ത് കഴിയുന്ന ഒരാളെ സംശയിക്കേണ്ട സാഹചര്യമില്ലല്ലോ. മറ്റു ചിലയിടങ്ങളില്‍ താമസിച്ചശേഷമാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നു പറയുന്നു. കൊടുംകുറ്റവാളിയായ ഒരാള്‍ അയാള്‍ എത്ര സമര്‍ത്ഥനാണെങ്കിലും സ്വന്തം നിലയ്‌ക്ക് അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇത്രകാലം പിടികൊടുക്കാതിരിക്കാനാവില്ല. കാസര്‍കോഡുനിന്ന് ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഒരാളുടെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതത്രേ. മട്ടന്നൂരില്‍ സവാദിനെ മരപ്പണിക്കാരനായി ഒപ്പം നിര്‍ത്തിയിരിക്കുന്നതും എസ്ഡിപിഐ ബന്ധമുള്ള ഒരാളാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. സവാദിനെ സംരക്ഷിക്കാന്‍ സംഘടനാപരമായ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നു വേണം സംശയിക്കാന്‍. പത്ത് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിട്ടുള്ള സവാദ് പിടിയിലായതിനു പിന്നിലും ഈ വിവരം നേരത്തെ അറിയാവുന്ന ആരെങ്കിലുമായിരിക്കുമല്ലോ. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സവാദ് പിടിയിലായതെന്ന് അന്വേഷണ ഏജന്‍സിയും പറഞ്ഞിരിക്കുന്നു.
കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന സത്യത്തിന് അടിവരയിടുന്നതാണ് സവാദിന്റെ അറസ്റ്റ്. ഇയാളെപ്പോലെ മറ്റ് ഭീകരരും പലപേരുകളില്‍ പലതരം തൊഴിലുകള്‍ ചെയ്ത് ഇവിടെ കഴിയുന്നുണ്ടാവാം. കേരളത്തിന്റെ രാഷ്‌ട്രീയഭരണ അന്തരീക്ഷം ഇതിന് അനുകൂലവുമാണ്. പോലീസിന്റെ ഒത്താശപോലും ഇതിന് ലഭിക്കും. ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലെയും പ്രതികള്‍ സംസ്ഥാനം വിട്ടു, വിദേശ രാജ്യങ്ങളിലേക്ക് കടന്നു എന്നൊക്കെ പോലീസുകാര്‍ തന്നെ പ്രചരിപ്പിക്കുന്ന രീതി കേരളത്തിലുണ്ട്. ഇപ്പോള്‍ എന്‍ഐയുടെ പിടിയിലായ സവാദും വിദേശത്തേക്ക് കടന്നതായാണ് പ്രചരിപ്പിച്ചിരുന്നത്. ഭീകരര്‍ കണ്ണൂര്‍ ഒളിത്താവളമാക്കുന്നതിന്റെ കാരണവും ഊഹിക്കാവുന്നതേയുള്ളൂ. ഇടതുജിഹാദി ബന്ധത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണിത്. ഇതിനു മുന്‍പ് ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചിലരെ പിടികൂടിയത് കണ്ണൂരിലെ കനകമലയില്‍ നിന്നാണല്ലോ. കുറെ വര്‍ഷം മുന്‍പ് കോയമ്പത്തൂര്‍ ബോംബുസ്‌ഫോടന കേസില്‍ പ്രതിയായ മദനി ജയിലില്‍ കഴിയുമ്പോള്‍ അവിടെവച്ച് പരിചയപ്പെടുകയും മതംമാറുകയും ചെയ്ത മണി എന്ന യുവാവ് കണ്ണൂരില്‍നിന്ന് കാണാതായിരുന്നു. മദനിക്കെതിരായ കേസിലെ സുപ്രധാന കണ്ണിയായിരുന്നു ഇയാള്‍. ഇടതുമുന്നണി ഭരണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഈ യുവാവിനെ കാണാതായത്. ഇയാളെ അന്വേഷിച്ചു കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അതിന് താല്‍പ്പര്യവുമില്ലായിരുന്നു. സവാദിനെപ്പോലെ മണിയും മറ്റുള്ളവരും മറ്റേതെങ്കിലും പേരുകള്‍ സ്വീകരിച്ച് ഏതെങ്കിലും പാര്‍ട്ടി ഗ്രാമത്തില്‍ സുരക്ഷിതരായി കഴിയുന്നുണ്ടാവാം. അല്ലെങ്കില്‍ പോലീസിന്റെ തന്നെ ഒത്താശയോടെ വിദേശത്തേക്ക് കടന്നിരിക്കാം. എന്തായാലും സവാദിനെ പിടികൂടാന്‍ എന്‍ഐഎയ്‌ക്ക് കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ജോസഫ് മാഷ് ആഗ്രഹിച്ചതുപോലെ ഇയാളെ സഹായിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: