അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് 13 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഏഴു ജീവനക്കാര്‍ക്കുമെതിരെ അങ്കമാലി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ സഹകരണ ബാങ്ക് പൂട്ടാന്‍ നീക്കം.
തെളിവുകള്‍ ശേഖരിക്കുന്നതിനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനുമാണ് ബാങ്ക് സീല്‍ ചെയ്യുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംഘത്തിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അങ്കമാലിയിലെ പ്രമുഖ ഭൂമി ഇടപാടുകാരനുമായ വ്യക്തി ബാങ്കില്‍ നിന്നും നിരവധി ആധാരങ്ങളും വിലപ്പെട്ട രേഖകളും കടത്തിക്കൊണ്ടുപോയതായി സൂചനയുണ്ട്. ബോര്‍ഡ് അംഗങ്ങളുടെയും പ്രസിഡന്റിന്റെയും ഭൂമി ഇടപാടുകളും ബാങ്കുമായുള്ള പണമിടപാടുകളും ഇ ഡി അന്വേഷിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
അന്തരിച്ച മുന്‍ പ്രസിഡന്റ് പി.ടി. പോള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.വി. പൗലോസ്, രാജപ്പന് നായര്‍, രശ്മി, ടി.വി ബെന്നി, പി.സി ടോമി, ടി.പി ജോര്‍ജ്ജ്, വി.ഡി ടോമി, എം.വി സെബാസ്റ്റിയന്, മാര്ട്ടിന് ജോസഫ്, വൈശാഖ് എസ്. ദര്ശന്, മേരി ആന്റണി, എല്‍സി വര്‍ഗീസ്, അലക്സി ജോയ്, മുന്‍ സെക്രട്ടറി അന്തരിച്ച വി.ജെ ജയ്ബി, നിലവിലെ സെക്രട്ടറി ബിജു കെ.ജോസ്, ജീവനക്കാരായ കെ.എ ഷിജു, അനില പി. പിള്ള, വി.പി ജിപ്സി, കെ.ബി ഷീല എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അങ്കമാലി പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: