ഗുവാഹാട്ടി: രഞ്ജി ക്രിക്കറ്റില്‍ ഇന്നുമുതല്‍ സീസണിലെ രണ്ടാം മത്സരങ്ങള്‍. ലീഗ് റൗണ്ടില്‍ വിവിധ ടീമുകള്‍ അവരവരുടെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. കേരളത്തിന് ഇന്നത്തെ മത്സരം അസമിനെതിരെയാണ്. ഗുവാഹാട്ടിയിലെ ബാര്‍സ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നായകന് സഞ്ജു വി. സാംസണിന്റെ അഭാവത്തില്‍ രോഹന് കുന്നുമല് ആയിരിക്കും ടീമിനെ നയിക്കുക.
ഭാരത പര്യടനത്തിനായി എത്തിയിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്നലെയായിരുന്നു ഭാരതവും അഫ്ഗാനും തമ്മിലുള്ള ആദ്യ ട്വന്റി20. രോഹിത് ശര്‍മ്മയ്ക്ക് കീഴിലുള്ള ഭാരത ടീമിനൊപ്പം ചേര്‍ന്നതിനാല്‍ രഞ്ജിയിലെ രണ്ടാം മത്സരത്തില്‍ നായകനെ നഷ്ടമായിരിക്കുകയാണ്. കെ.സി.എ രഞ്ജി ടീമിനെ പ്രഖ്യാപിച്ച സമയത്ത് തന്നെ വൈസ് ക്യാപ്റ്റനായി രോഹന് കുന്നുമ്മലിനെ നിശ്ചയിച്ചിരുന്നതാണ്. സഞ്ജു ടീം വിട്ടുപോയിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും രോഹന് മേലാണ് ടീമിനെ നയിക്കാനുള്ള ചുമതല വന്നു നില്‍ക്കുന്നത്.
ആലപ്പുഴയിലെ എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ നടന്ന കേരളത്തിന്റെ ഇത്തവണത്തെ ആദ്യ രഞ്ജി മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഉത്തര്‍ പ്രദേശ് ആയിരുന്നു എതിരാളികള്‍. മത്സരം സമനിലയിലായെങ്കിലും യുപിക്ക് മൂന്ന് പോയിന്റ് നേടാന്‍ സാധിച്ചു. ഒരു പോയിന്റുമായി കേരളം എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആറാമതാണ്. ഗ്രൂപ്പില്‍ ആകെ എട്ട് ടീമുകളാണുള്ളത്.
യുപിയും അസമും കൂടാതെ മുംബൈ, ഛത്തീസ്ഗഢ്, ആന്ധ്ര, ബംഗാള്‍, ബിഹാര്‍ ടീമുകളും എലൈറ്റ് ബി ഗ്രൂപ്പില്‍ കേരളത്തിനൊപ്പമുണ്ട്. ആദ്യ മത്സരം പിന്നിടുമ്പോള്‍ ഏഴ് പോയിന്റുമായി മുംബൈ ആണ് മുന്നില്‍. പതിവു പോലെ 19 ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ഇന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: