തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്ധനഉടന് ഉണ്ടാകുമെന്ന സൂചന നല്കി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. വില പരിഷ്കരിക്കുന്നത് സംബന്ധിച്ച് വൈകാതെ മന്ത്രിസഭായോഗം തീരുമാനമെടുക്കും. വില പരിഷ്കാരം സംബന്ധിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവില്‍ പൊതുവിതരണവകുപ്പിന്റെ പരിഗണനയിലാണ്, മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് പ്ലാനിങ് ബോര്‍ഡ് അംഗം കെ. രവിരാമന്‍, ഭക്ഷ്യ സെക്രട്ടറി അജിത് കുമാര്‍, സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമന് എന്നിവരടങ്ങിയ വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സബ്സിഡി അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ടല്ല സമര്‍പ്പിച്ചിട്ടുള്ളത്. അധിക ഭാരമില്ലാതെ മാര്‍ക്കറ്റ് വിലയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദഗ്ധ സമിതിയും ആ കാഴ്ച്ചപ്പാടില്‍ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നുവെന്ന പ്രചാരണം നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ആശ്വാസം തുടരണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 2016ല്‍ വിപണി വിലയേക്കാള്‍ 25 ശതമാനം കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങള്‍ നല്‍കിയത്.
അത് അഞ്ചുവര്‍ഷം തുടരണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അത് തുടരുന്ന നിലപാടാണ് ഈ സര്‍ക്കാരും സ്വീകരിച്ചത്. ആ സ്ഥാപനത്തിന് ദൈനംദിനമായ ക്രയവിക്രയം നടന്നു പോകണമെങ്കില്‍ അതിനാവശ്യമായിട്ടുള്ള പിന്തുണ എല്ലാ ഭാഗത്തു നിന്നും ഉണ്ടായേ മതിയാകൂ. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസങ്ങള്‍ ആ പിന്തുണയെ ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ ഈ പ്രയാസങ്ങള്‍ മാറ്റാനുള്ള വലിയ പരിശ്രമത്തിലാണ് സപ്ലൈകോയും സര്‍ക്കാരും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: