തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളായ ശാര്‍ക്കര എസ്‌സിവിബിഎച്ച്എസ്എസില്‍ ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം. അധ്യാപകര്‍ അനിശ്ചകാല സമരത്തിലായതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അധ്യാപനം നടക്കുന്നില്ല. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നുണ്ടെങ്കിലും അധ്യാപകരെത്താത്തതിനാല്‍ പഠനം അവതാളത്തില്‍. പരീക്ഷയ്‌ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ രക്ഷിതാക്കളും ആശങ്കയിലായി.
5 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിപ്പിക്കാനെത്തുന്നത് രണ്ട് താത്കാലിക അധ്യാപകരും പ്രധാന അധ്യാപികയും മാത്രം. പഠിപ്പിക്കാനും നിയന്ത്രിക്കാനും ആളില്ലാതായതോടെ കുട്ടികള്‍ കൂട്ടത്തോടെ സ്‌കൂള്‍ ഗ്രൗണ്ടിലും സമീപത്തെ ശാര്‍ക്കക്ഷേത്ര മൈതാനത്തുമായി കറങ്ങി നടക്കുന്നു.
ക്ലാസ് മുറികള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കാതായതോടെയാണ് അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയത്. 661 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 8 ക്ലാസ് മുറികള്‍ക്ക് മാത്രമാണ് ഫിറ്റ്‌നസ് ഉള്ളത്. ഫിറ്റ്‌നസ് നേടാനാവശ്യമായ വിധത്തില്‍ കെട്ടിടങ്ങള്‍ ക്രമവത്കരിക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്ന ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശംപോലും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ല.
2023-24 വര്‍ഷത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പ്രകാരം 8 മുറികള്‍ക്കാണ് മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളത്. എക്‌സ്ട്രാ ക്ലാസ് റുമുകള്‍ ഒഴിച്ചാല്‍ ഇവിടെ നാല് ക്ലാസ് റൂമുകള്‍ മാത്രമേ പഠനത്തിനായി വിനിയോഗിക്കാന്‍ പറ്റുകയുള്ളു. സ്‌കൂളിലെ പുതിയ കെട്ടിടത്തിന് എഞ്ചിനീയര്‍ താത്കാലികമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. സ്‌കൂളില്‍ മിനിമം ഡിവിഷനുകള്‍ പോലും പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങളില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവിലും പറയുന്നു. 2023 ഒക്ടോബര്‍ 27 ലെ ഹിയറിംഗില്‍ 2024 മാര്‍ച്ച് 31ന് മുന്‍പ് ക്രമവത്കരിച്ചില്ലെങ്കില്‍ കെട്ടിടം നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായിരുന്ന സ്‌കൂള്‍ മാനേജര്‍ സ്‌കൂളിലെ പുതിയ മൂന്നുനില കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്ന് ബില്‍ഡിംഗ് പെര്‍മിറ്റുപോലും വാങ്ങിയിരുന്നില്ല.
മാനദണ്ഡം പാലിക്കുന്ന ക്ലാസ് റൂമുകളുടെ എണ്ണത്തിനനുസരിച്ച് തസ്തിക പുനര്‍നിര്‍മിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിടങ്ങള്‍ ക്രമവത്കരിച്ച് ഫിറ്റ്‌നസ് നേടാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന യാതൊരുവിധ നീക്കവും നടക്കുന്നില്ല. ഇതോടെയാണ് അധ്യാപകരുടെ ശമ്പളം മുടങ്ങിയതും വിദ്യാര്‍ത്ഥികളുടെ പഠനം അനാഥാവസ്ഥയിലായതും. കുട്ടികളുടെ സുരക്ഷിതത്വം പരമപ്രധാനമാണെന്നും ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസ്മുറികളില്‍ പഠിപ്പിക്കില്ലെന്നുമാണ് അധ്യാപകരും പറയുന്നത്. വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ ഇന്ന് ആറ്റിങ്ങല്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: