ഷിംല: നൂറ്റാണ്ടുകളായി കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്. തന്റെ മുൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സുഖ്‌വിന്ദര്‍ സിങ് സുഖു മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയാണ് വിക്രമാദിത്യ സിങ്.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നേതാക്കള്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളിക്കൊണ്ടാണ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റേയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റേയും മകനായ വിക്രമാദിത്യ സിങ് രംഗത്ത് വന്നത്. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞാനെന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല, കടുത്ത രാമഭക്തനായ മരിച്ചുപോയ വീരഭദ്രസിങ്ങിന്റെ മകന്‍ എന്ന നിലയിലാണ് ഞാന്‍ അയോധ്യയിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്തമാണത്. എനിക്കെങ്ങനെയാണ് പുത്രധര്‍മം പാലിക്കാതിരിക്കാന്‍ കഴിയുക’ – അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: