ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാമത്തെ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് പ്രസിഡന്റ് തോഷിഹിറോ സുസുക്കി. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ഇതിനായി 35,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുജറാത്തില്‍ നിന്നുള്ള വാര്‍ഷിക ഉല്പാദനശേഷി 20 ലക്ഷം യൂണിറ്റ് ആയി മാറും. നിലവിലെ പ്ലാന്റില്‍ 10 ലക്ഷം യൂണിറ്റും രണ്ടാമത്തെ പുതിയ പ്ലാന്റില്‍ 10 ലക്ഷം യൂണിറ്റും നിര്‍മിക്കും. 2028-29 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030-31 ഓടെ വാര്‍ഷിക ഉല്‍പ്പാദനശേഷി 40 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ലക്ഷ്യമിടുന്നത്.
നിര്‍മാണ വ്യവസായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിനും സ്ഥിരമായ പിന്തുണക്കും കീഴില്‍ ഭാരതത്തിലെ ഓട്ടോമൊബൈല്‍ വിപണി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് തോഷിഹിറോ സുസുക്കി അഭിപ്രായപ്പെട്ടു. തല്‍ഫലമായി, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഭാരതം മാറി. സുസുക്കി ഗ്രൂപ്പില്‍ നിന്നുള്ള ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം (ബിഇവി) ഈ വര്‍ഷം അവസാനത്തോടെ സുസുക്കി മോട്ടോര്‍ ഗുജറാത്തില്‍ നിന്ന് പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഇവി ഉല്‍പ്പാദനം വിപുലീകരിക്കുന്നതിനായി, സുസുക്കി ഗ്രൂപ്പ് 3,200 കോടി രൂപ കൂടി ഗുജറാത്തില്‍ നിക്ഷേപിക്കും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് ആര്‍സലര്‍ മിത്തല്‍ എക്സി ക്യൂട്ടീവ് ചെയര്മാന് ലക്ഷ്മി മിത്തല്‍ പ്രഖ്യാപിച്ചു. 2021ലാണ് പ്ലാന്റിന്റെ ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2026 ആവുന്നതോടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മിഷന് ചെയ്യും. പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ധാരണാപത്രം ഒപ്പുവെച്ചു.
ലോജിസ്റ്റിക്സ് രംഗത്തെ ഭീമനായ ഡിപി വേള്‍ഡ് ഗുജറാത്തില്‍ കണ്ടെയിനര്‍ ടെര്‍മിനല്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി 300 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഡിപി വേള്‍ഡ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം നൂറ് കോടിയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: