കോഴിക്കോട്: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം അനാവശ്യമെന്ന് എസ്വൈഎസ്. സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കുകയും സമാധാനകാംക്ഷികളായ മുസ്ലീങ്ങള്‍ കൂടി അംഗീകരിച്ച വിധിയെ തുടര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അതിന്റെ പ്രതിഷ്ഠാചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്നത് വിവാദമാക്കേണ്ട കാര്യമില്ല.
ക്ഷണം ലഭിച്ചവര്‍ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കട്ടെയെന്നും പുതിയ മുറിവുകള്‍ സൃഷ്ടിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും എസ്വൈഎസ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുള്‍ ഹകീം അസ്ഹരി പറഞ്ഞു. രാജ്യത്തെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനയോടെ പങ്കാളിയാവാനാണ് ശ്രമിക്കേണ്ടതെന്നും ശാന്തിയും സമാധാനവും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രചിന്താഗതിയിലേക്ക് യുവാക്കളെ വലിച്ചു കൊണ്ടുപോകാനും അതിനു മതപരമായ സാധുത ഉണ്ടാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് എസ്വൈഎസ് കേരളത്തില്‍ ശക്തമായ വേരുകള്‍ പടര്‍ത്തിയത്. മുസ്ലിം പ്രശ്നങ്ങളെ സവിശേഷമായി സംബോധന ചെയ്യുമ്പോള്‍ തന്നെയും പൊതുപ്രശ്നങ്ങളില്‍ വ്യക്തതയോടെ പ്രതികരിക്കാന്‍ എസ്വൈഎസിനു എന്നും സാധിച്ചിട്ടുണ്ട്.
ഭരണത്തിലിരിക്കുന്നവരോട് നിരന്തരം ഏറ്റുമുട്ടുക സംഘടനയുടെ സമീപനമല്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിന് ഭരണകര്‍ത്താക്കളുമായി സംസാരിക്കുകയും അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അനിവാര്യമെങ്കില്‍ സമരത്തിനിറങ്ങുകയും ചെയ്യുകയാണ് സംഘടനയുടെ രീതി.
സംഘടനാപരമായി വിരുദ്ധചേരിയില്‍ നില്ക്കുന്നവരോട് ഏറ്റുമുട്ടലിന്റെ രീതി അല്ല, ഒരേ ആശയം പിന്തുടരുന്നവര് സാധ്യമായ മേഖലകളില്‍, സൗഹൃദം പുലര്‍ത്തണമെന്നതാണ് സമസ്തയുടെ നിലപാട്. ഇതാണ് എസ്വൈഎസ് പിന്തുടരുന്നത്. എസ്വൈഎസ് 2024 പ്ലാറ്റിനം ഇയര്‍ ആയി ആചരിക്കും. പ്രഖ്യാപനം ജനുവരി 13 നു കൊല്ലത്ത് നടക്കും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: