കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കില്ലെന്നും സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’യാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. സൗത്ത് 24 പര്‍ഗാനാസിലെ ജയ്നഗറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. ബിജെപിക്കും സിപിഎമ്മിനും എതിരായി പോരാടുമെന്നും അവര്‍ പറഞ്ഞു.
”ഭീകര പാര്‍ട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വര്‍ഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നു സംസാരിക്കുന്നു. 34 വര്‍ഷം അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത്?. ആളുകള്‍ക്ക് എത്ര അലവന്‍സ് ലഭിച്ചു?. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ 20,000ത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല” മമത പറഞ്ഞു.
മമതയുടെ നിലപാട് ആവര്‍ത്തിച്ച മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞു. ”തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ പോരാടിയിട്ടുണ്ട്. സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും ഇപ്പോള്‍ അതു വ്യക്തമാക്കി” നേതാവ് പറഞ്ഞു.
തൃണമൂലുമായി സഖ്യമുണ്ടാക്കുവാനുള്ള സാധ്യത കഴിഞ്ഞയാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിക്കളഞ്ഞിരുന്നു. ഇന്‍ഡി മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും. ഇതിനിടയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്കാമെന്നുള്ള തൃണമൂലിന്റെ വാഗ്ദാനം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
മമതാ ബാനര്‍ജിയുടെ ദയ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ കോണ്‍ഗ്രസ് ലീഡറുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. മമതയുടെ വാക്കുകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നിലപാടിനെ തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് പരിഹാസവുമായി രംഗത്തെത്തി. ചായക്കടയ്ക്ക് മുമ്പില്‍ നില്ക്കുന്ന കുട്ടികള്‍ പത്തും ഇരുപതും ബിസ്ക്കറ്റ് ആവശ്യപ്പെടും. എന്നാല്‍ അവര്‍ക്ക് മൂന്നോ നാലോ കഴിക്കാനുള്ള കഴിവെയുള്ളുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം പരിഹസിച്ചു.
കൊട്ടിഘോഷിച്ചുണ്ടാക്കിയ ഇന്‍ഡി മുന്നണിയുടെ തകര്‍ച്ചയാണ് ബംഗാളില്‍ കാണുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ തൃണമൂല്‍ ഗണ്ടകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: