തിരുവനന്തപുരം:ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് കേരളത്തിലെ നല്ലൊരു ബിസിനസുകാരനായ കിറ്റെക്സ് ഉടമ സാബു കേരളം വിട്ട് തന്റെ സ്വപ്നപദ്ധതി തെലുങ്കാനയ്ക്ക് കൊടുത്തത്. അത് ഭാഗ്യമായിപ്പോയി എന്നും തനിക്ക് വളരാന്‍ വിശാലമായ കളിത്തട്ടുണ്ടെന്ന് മനസ്സിലായെന്നും ഈയിടെയാണ് സാബു പ്രസ്താവിച്ചത്.
തെലുങ്കാനയില്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി കിറ്റെക്സിന്റെ ഓഹരിവിലയില്‍ കുതിപ്പുണ്ടായി. മാത്രമല്ല, കുഞ്ഞുടുപ്പകളുടെ നിര്‍മ്മാണം നടത്തുന്ന ലോകത്തിലെ തന്നെ ഒന്നാമത്തെ കമ്പനിയായി മാറാന്‍ പോവുകയാണ് സാബുവിന്റെ കിറ്റെക്സ് ഇപ്പോള്‍. തെലുങ്കാനയിലെ വാറംഗലിലുള്ള കാകതിയ ടെക്സ്റ്റൈല്‍ പാര്‍ക്കിലും ഹൈദരാബാദിലെ സീതാരാംപൂരിലുമായി രണ്ട് ഫാക്ടറികള്‍ 3000 കോടി ചെലവിലാണ് ഉയരുന്നത്. ദിവസേന 24 ലക്ഷം കുഞ്ഞുടുപ്പുകള്‍ ഇവിടെ നിന്നും ഉല്പാദിപ്പിക്കും. 2400 കോടി രൂപയുടെ നിക്ഷേപമിറക്കാന്‍ ചെന്ന സാബു ജേക്കബ് 600 കോടി രൂപ കൂടി കൂടുതല്‍ നിക്ഷേപിച്ചു. 2024 മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും നീളം കൂടി ഫാക്ടറിക്ക് ഇവിടെ തുടക്കമാകും.
വ്യവസായം ആരംഭിക്കാന്‍ ശ്രമിച്ച ബിസിനസുകാരന് ആന്തൂരില്‍ ആത്മഹത്യ ചെയ്തത് മറക്കാറായിട്ടില്ല. കെട്ടിടനിര്‍മ്മാണ അനുമതിക്കായുള്ള അപേക്ഷകളിലടക്കം തദ്ദേശസ്ഥാപനങ്ങള്‍ മൗനം പാലിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷിച്ചത്. 15 മാസത്തിനകം ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും നടന്നിട്ടില്ല. അങ്ങിനെ ആന്തൂര്‍ ചിറയ്ക്കല്‍ പാറയില്‍ വീട്ടില്‍ സാജന് എന്ന മറുനാടന്‍ മലയാളിയുടെ വ്യവസായസ്വപ്നം കരിഞ്ഞുപോയി. അതില്‍ യാതൊരു ദുഖവും ഉണ്ടായില്ലെന്ന് മാത്രമല്ല, ആ മരണത്തില്‍ നിന്നും ഒരു മാറ്റവും കേരളത്തില്‍ സംഭവിച്ചില്ല.
ഇപ്പോള്‍ തമിഴ്നാട് ഈയിടെ നടത്തിയ ആഗോള നിക്ഷേപകസംഗമം നടത്തിയപ്പോള്‍ വന്‍കിട ബിസിനസുകാര്‍ അവിടേക്ക് ഒഴുകിയെത്തി. അദാനി, അംബാനി, ടാറ്റ ഉള്‍പ്പെടെ യുള്ളവര്‍ 6.64 ലക്ഷം കോടിയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്.
കേരളത്തില്‍ ഒരു നിക്ഷേപകസംഗമം നടത്തിയാല്‍ എത്ര വന്‍കിട ബിസിനസുകാര്‍ വരും. അദാനി മാത്രം തമിഴ്നാട്ടില്‍ 42,700 കോടിയുടെ ബിസിനസാണ് വാഗ്ദാനം ചെയ്തത്. വൈദ്യുതവാഹന ഉല്പാദനം, സെമികണ്ടക്ടര്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ബാറ്ററി സെല്‍ ഉല്പാദനം തുടങ്ങി വന്തോതില്തൊഴില് നല്കുന്ന ചെരിപ്പ് തുകല്‍ നിര്‍മ്മാണത്തിനും തമിഴ്നാട് ഇക്കുറി ഊന്നല്‍ നല്കി. പുതിയ നിക്ഷേപം ഒഴുകിവന്നപ്പോള്‍ ഏകദേശം 26.9 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സ്റ്റാലിന് പറയുന്നു. ഈ നിക്ഷേപകസംഗമത്തില്‍ സ്റ്റാലിന് പിന്നില്‍ താങ്ങായി പ്രധാനമന്ത്രി മോദിയും നിലകൊണ്ടിരുന്നു. മോദി സ്വപ്നം കണ്ട പുതിയ വ്യവസായക്കുതിപ്പിന്റെ തുടര്‍ച്ചയാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. സെമികണ്ടക്ടര്‍, ഇവി, ഹരിത ബാറ്ററി സെല്‍ നിര്‍മ്മാണം…ഇതെല്ലാം.
അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് കേരളത്തിന്റെ പ്രശ്നം. സര്‍വ്വകലാശാലകളില്‍ ഇനി തിരുകിക്കയറ്റാന്‍ ബാക്കി ഇടമില്ലാത്ത വിധം കയറ്റിയിരിക്കുന്നു. പ്രതികാരരാഷ്ട്രീയത്തിന് ധാരാളം ഊര്‍ജ്ജം ചെലവഴിക്കുന്നു. ഇതെല്ലാം മാറ്റിവെച്ച് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെക്കുറിച്ച് കൂടി ചിന്തിച്ചുകൂടേ? തദ്ദേശീയമായ വികസനത്തെക്കുറിച്ച് ചിന്തിക്കാതെ കേന്ദ്രഫണ്ടിനെക്കുറിച്ച് മാത്രം വിലപിക്കുന്ന രീതിയില്‍ നിന്നും മാറ്റം ആവശ്യമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: