Categories: Kerala

ഒരു ദിവസം പ്രവര്‍ത്തിച്ച് പൂട്ടിയ മദ്യവില്‍പ്പന ശാല തുറക്കണമെന്ന് സിഐടിയു , അമ്പരന്ന് സി പി എം

Published by

കാസര്‍കോട്: ഒരു ദിവസം മാത്രം പ്രവര്‍ത്തിച്ച ശേഷം പൂട്ടിയ മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം. ചെറുവത്തൂരില്‍ ആണ് സംഭവം.

കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പന ശാലയാണ് ഒരു ദിവസം പ്രവര്‍ത്തിച്ച് പൂട്ടിയത്. പ്രദേശത്തെ ബാറുടമയെ സഹായിക്കാനാണിതെന്നാണ് ആരോപണം. മദ്യവില്‍പ്പന ശാല തുറക്കണമെന്ന ആവശ്യമുമായി സിഐടിയു കഴിഞ്ഞ 20 ദിവസമായി കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

ചെറുവത്തൂര്‍ ടൗണില്‍ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. സിപിഎം പ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും ഉള്‍പ്പടെ പ്രകടനത്തില്‍ പങ്കെടുത്തു.നിയമാനുസൃതം തുറന്ന സ്ഥാപനം ഒരു എതിര്‍പ്പും ഇല്ലാതിരിക്കെയാണ് അടച്ച് പൂട്ടിയത്.സിപിഎം നേതാവ് ഇടപെട്ടാണ് മദ്യവില്‍പനശാല പൂട്ടിച്ചതെന്നാണ് ആരോപണം.

പ്രവര്‍ത്തിച്ച ഒരു ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം വിറ്റുവരവുണ്ടായിരുന്നതായി സിഐടിയു ചുമട്ട് തൊഴിലാളികള്‍ പറയുന്നു. തൊഴില്‍ സംരക്ഷിക്കണമെന്നാണ് ചുമട്ട് തൊഴിലാളികളുടെ ആവശ്യം.

സമരത്തെ പിന്തുണച്ച് സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്ത് ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രത്തില്‍ സിഐടിയു തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞത് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി അടിന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും തീരുമാനമായില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by