ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേൻ സിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കേഷാം മേഘചന്ദ്രയാണ് അനുമതി നിഷേധിച്ച വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിലവിൽ നിഷേധിച്ചിരിക്കുന്നത്. മണിപ്പൂരിലെ നിലവിലെ സുഖകരമല്ലാത്ത അവസ്ഥയാണ് അനുമതി നിഷേധിക്കാനുള്ള കാരണമായി പറഞ്ഞതെന്നും കേഷാം മേഘചന്ദ്ര അറിയിച്ചു. ജനുവരി രണ്ടിനാണ് അനുമതി തേടി കോണ്‍ഗ്രസ് മണിപ്പൂർ സര്‍ക്കാരിനെ സമീപിച്ചത്. അപേക്ഷക്ക് യാതൊരു മറുപടിയും ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടതെന്നും കേഷാം മേഘചന്ദ്ര പറഞ്ഞു.
ഉദ്ഘാടന വേദിക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ നിന്ന് തന്നെ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. യാത്ര വലിയ വിജയമാകുമെന്നും എല്ലാം സംസ്ഥാനങ്ങളിലും അതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും വേണുഗോപാൽ അറിയിച്ചു.
രാഷ്ട്രീയ യാത്രയല്ല, ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ നീതിക്ക് വേണ്ടിയാണ് യാത്ര. യാത്ര മണിപ്പൂരിൽ നിന്ന് തന്നെ ആരംഭിക്കും. പാലസ് ഗ്രൗണ്ട് കിട്ടിയില്ലെങ്കിൽ മറ്റൊരു സ്ഥലം കണ്ടെത്തും. മണിപ്പൂർ ഒഴിവാക്കി യാത്ര ആരംഭിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ബീരേൻ സിങിന് പൊതുയോഗങ്ങളിൽ പങ്കെടുക്കാം പിന്നെന്ത് കൊണ്ട് നമ്മൾക്കായിക്കൂടായെന്നും വേണുഗോപാൽ ചോദിച്ചു. മുഖ്യമന്ത്രിയുമായി നേതാക്കൾ ആശയവിനിമയം തുടരുന്നതായും രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് അനുമതി നിഷേധിച്ചതെന്നും കെ പി വേണുഗോപാൽ അറിയിച്ചു.
നീതി കിട്ടും വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കെ സി വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായ യോഗത്തിലാണ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര രാഹുല്‍ ഗാന്ധി അവിടെ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മഹിമ സിംഗ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: