ന്യൂദല്‍ഹി: ഭാരതത്തില്‍ ആദ്യമായി ക്രൂഡ് ഓയില്‍ ഉത്പാദനം ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനഡ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയായി കൃഷ്ണ-ഗോദാവരി തടത്തിലാണ് ക്രൂഡ് ഓയില്‍ ഉത്പാദനം ആരംഭിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) നേതൃത്വത്തിലായിരുന്നു പര്യവേഷണം.
2016-17 ലാണ് കാക്കിനഡയില്‍ പര്യവേഷണം ആരംഭിച്ചത്. കൊവിഡില്‍ പദ്ധതിക്ക് കാലതാമസം നേരിട്ടു. ഇവിടുത്തെ 26 എണ്ണ കിണറുകളില്‍ നാലെണ്ണത്തില്‍ നിന്നാണ് ക്രൂഡ് ഓയില്‍ ഉത്പാദനം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45,000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് ഭാരതം. ആഗോള വിപണിയിലെ വിവിധ സ്രോതസുകളില്‍ നിന്നാണ് രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. കാക്കിനഡയില്‍ ഉത്പാദനം ആരംഭിച്ചതോടെ രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ ഏഴ് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 2024 ജൂണില്‍ ഉത്പാദനം പൂര്‍ണ തോതിലെത്തും. ഇതിലൂടെ ഒഎന്‍ജിസിയുടെ മൊത്തം എണ്ണ, വാതക ഉത്പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വര്‍ധിക്കുമെന്നും ഒഎന്‍ജിസി എക്‌സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: