പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച മൂന്ന് മന്ത്രിമാരെ പുറത്താക്കേണ്ടിവന്ന ശേഷം ബീജിങിലെത്തി ചൈനയോട് ധനസഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നത്രേം ഗതികെട്ടവന് മറ്റാരുമുണ്ടാകില്ല. അതാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുമ്പായി മുയ്സുവിന് സ്വന്തം മന്ത്രിമാരെ പുറത്താക്കേണ്ടി വന്നെങ്കില്‍ മാലദ്വീപ് പ്രസിഡന്റ് വന്നുപെട്ടിരിക്കുന്ന നയതന്ത്ര-സാമ്പത്തിക കെണി അത്ര വലുതാണെന്ന് സാരം. ചൈനയ്ക്ക് കൊണ്ടു തലവെച്ച് കടക്കെണിയിലായ അയല്‍രാജ്യം ശ്രീലങ്കയുടെ അനുഭവം കൊണ്ടും മാലദ്വീപ് പഠിക്കുന്നില്ലെങ്കില്‍ ആര്‍ക്കുമവരെ രക്ഷിക്കാനാവില്ല. അനുഭവിക്കുക എന്നേ പറയാനാവൂ.
രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് മുയ്സുവിന്റെ സര്‍ക്കാര്‍ മാലദ്വീപില്‍ അധികാരത്തിലെത്തിയത്. ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് ഭാരതത്തിന്റെ സൈനിക സാന്നിധ്യത്തെ പൂര്‍ണ്ണമായും പുറത്താക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ നേതാവാണ് മുയ്സു. വന്‍തോതില്‍ ചൈനീസ് ധനസഹായം കൈപ്പറ്റിയാണ് മുയ്സുവിന്റെ പാര്‍ട്ടി വിജയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. മാലദ്വീപില്‍ അധികാരത്തിലെത്തുന്നവര്‍ ആദ്യം ദല്‍ഹിയിലെത്തി കൂടിക്കാഴ്ചകള്‍ നടത്തുക എന്ന പതിവ് ഉപേക്ഷിച്ച് ബീജിംഗിലേക്ക് യാത്ര തീരുമാനിച്ച നേതാവ് കൂടിയാണ് മുയ്സു. എന്നാല്‍ ഇതിനിടെയാണ് മാലദ്വീപിന്റെ രാഷ്ട്രീയ, സാമ്പത്തിക, വിനോദ സഞ്ചാര മേഖലയെ പിടിച്ചുകുലുക്കി പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
ജനുവരി 2ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പിഎംഒയുടെ അറിയിപ്പ് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പരിപാടി മൂന്നാം തീയതിയിലേക്ക് മാറ്റിയെന്ന വിവരം കേരളത്തിലേക്ക് കൈമാറുന്നത്. തമിഴ്നാട്ടിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ശേഷം ലക്ഷദ്വീപിലേക്ക് പോകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ലക്ഷദ്വീപില്‍ കവരത്തിയുടെ 1,150 കോടി രൂപയുടെ വികസന പദ്ധതികളും കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കടല്‍ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന നിലയവും അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകള്‍ക്കും ടാപ്പ്കണക്ഷനും കവരത്തി സൗരോര്‍ജ്ജ നിലയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യ നിലയങ്ങള്‍, മാതൃകാ അംഗനവാടികള്‍ എന്നിവയും മോദി ലക്ഷദ്വീപുകാര്‍ക്ക് സമ്മാനിച്ചാണ് മടങ്ങിയത്. എന്നാല്‍ ഇതോടൊപ്പം മറ്റൊന്നുകൂടി അവിടെ നടന്നു. ലക്ഷദ്വീപിന്റെ മനോഹരമായ ബീച്ചുകളുടെയും ബീച്ച് ടൂറിസത്തിന്റെയും ചിത്രങ്ങള്‍ മോദി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. തുടര്‍ച്ചയായ മൂന്നു ദിവസമാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ലക്ഷദ്വീപ് എവിടെയെന്നും എങ്ങനെ അവിടേക്ക് എത്താമെന്നുമുള്ള അന്വേഷണങ്ങളും തുടങ്ങി. ദിവസങ്ങളോളം ഗൂഗിള്‍ സേര്‍ച്ചില്‍ ഏറ്റവുമധികം തിരക്കിയത് ലക്ഷദ്വീപിനെപ്പറ്റി ആയിരുന്നു. ആരാരും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടു കിടന്ന ദ്വീപ് സമൂഹത്തിന് അപ്രതീക്ഷിതമായി ലഭിച്ച ആഗോള ശ്രദ്ധ എന്നാണ് പലരും കരുതിയത്. മറിച്ചായിരുന്നു സംഗതിയെന്ന് വരും ദിവസങ്ങള്‍ തെളിയിച്ചു.
അറബിക്കടലിലെ ഒരു ഇത്തരിക്കുഞ്ഞന്‍ ദ്വീപിന്റെ തീരത്ത് ഒരു കസേര വലിച്ചിട്ട് നരേന്ദ്രമോദി ഇരുന്നപ്പോള്‍ മാലദ്വീപ് എന്ന രാജ്യം ഞെട്ടി എന്നു തന്നെ പറയാം. ലക്ഷദ്വീപിലെ മനോഹര ബീച്ചുകളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞതോടെ എന്തിന് ഇത്രയധികം പണം മുടക്കി മാലദ്വീപിന് പോകണമെന്ന സ്വാഭാവിക ചോദ്യവും ഉയര്‍ന്നു. ആഗോള തലത്തില്‍ ബീച്ചുകളുടെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ശ്രദ്ധയും ലക്ഷദ്വീപിലേക്കെത്തി. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള ഒറ്റ വരുമാനം കൊണ്ട് ജീവിക്കുന്ന സമ്പദ് വ്യവസ്ഥയാണ് മാലദ്വീപിന്റേത്. അതിനാല്‍ തന്നെ ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി മുഹമ്മദ് മുയ്സുവിന്റെ അനുയായികളെ ചൊടിപ്പിച്ചു. മുയ്സുവിന്റെ മന്ത്രിസഭയിലെ ജൂനിയര്‍ മന്ത്രിമാര്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകളുമായി സാമൂഹ്യമാധ്യമ പോസ്റ്റുകളിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ അടിമയെന്നുമെല്ലാം മന്ത്രിമാര്‍ അധിക്ഷേപിച്ചു. ഇതോടെ രംഗം മാറി. മാലദ്വീപ് ബഹിഷ്ക്കരണാഹ്വാനങ്ങള്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞു. ഭാരതത്തിലെ സെലിബ്രിറ്റികള്‍ ലക്ഷദ്വീപിനുവേണ്ടി അണിനിരന്നു. ലക്ഷദ്വീപിന്റെ മനോഹാരിത അമിതാഭ് ബച്ചനും സല്മാന് ഖാനും അടക്കമുള്ള സിനിമാ താരങ്ങളും സച്ചിനടങ്ങുന്ന ക്രിക്കറ്റ് താരങ്ങളും ചിത്രങ്ങള്‍ പങ്കുവെച്ച് കോടിക്കണക്കിന് ജനങ്ങളിലേക്കെത്തിച്ചു. സ്വന്തം നാട്ടിലെ ദ്വീപുകളെ പ്രോത്സാഹിപ്പിക്കണമെന്നും ലക്ഷദ്വീപിലേക്കും ആന്റമാനിലേക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ പോകണമെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമായതോടെ ഞായറാഴ്ച ഒരുദിവസം മാത്രം മാലദ്വീപിലെ പതിനായിരത്തോളം ഹോട്ടല്‍ ബുക്കിംഗുകളും മൂവായിരത്തോളം വിമാനടിക്കറ്റുകളും റദ്ദാക്കപ്പെട്ടു. ഈസ്മൈട്രിപ്പ് അടക്കമുള്ള വെബ്സൈറ്റുകള്‍ മാലദ്വീപ് ടിക്കറ്റുകള്‍ റദ്ദാക്കി സഞ്ചാരികള്‍ക്ക് പണം തിരികെ കൊടുത്തു. ഇതോടെ പ്രതിസന്ധിയിലായത് മാലദ്വീപ് ഭരണകൂടമാണ്. പ്രതിവര്‍ഷം രണ്ടേകാല്‍ ലക്ഷം ഭാരത പൗരന്മാരാണ് മാലദ്വീപ് സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രിയെ അപമാനിച്ച മാലദ്വീപ് ഭരണകൂടത്തിനെതിരെ ആഗോള തലത്തിലും വലിയ എതിര്‍പ്പുയര്‍ന്നു. മാലദ്വീപിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവരെ സഹായിച്ച ഏക രാജ്യം ഭാരതമാണ്. എന്നിട്ടും ഭാരത പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ മന്ത്രിമാര്‍ക്കെതിരെ നടപടി എടുക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് മുഹമ്മദ് മുയ്സു എത്തി. സഹമന്ത്രിമാരായ മരിയം ഷിയുന, മാല്‍ഷാ ഷരീഫ്, മഹ്സൂം മാജിദ് എന്നിവരെ മന്ത്രിസഭയില്‍ നിന്ന് മുയ്സു സസ്പെന്റ് ചെയ്തു. പ്രധാനമന്ത്രി മോദിയെ അപമാനിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മാലദ്വീപിന് പുറത്തിറക്കേണ്ടിവന്നു. ഭാരതം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വഴങ്ങുകയല്ലാതെ മറ്റു വഴികളില്ലാതാവുകയായിരുന്നു മുഹമ്മദ് മുയ്സുവിന്. ബീജിങ് യാത്രയ്ക്ക് തൊട്ടുമുമ്പുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയില്‍ മുയ്സു സര്‍ക്കാര്‍ നിശ്ചലമാണ്. ദല്‍ഹിയിലെ മാലദ്വീപ് പ്രതിനിധിയെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി കൂടുതല്‍ കര്‍ശന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെറും 70 ഭാരത സൈനികരാണ് മാലദ്വീപിലുള്ളത്. ഇവരെ പുറത്താക്കും എന്നായിരുന്നു അധികാരമേറ്റയുടന്‍ മുഹമ്മദ് മുയ്സുവിന്റെ പ്രഖ്യാപനം. ഭാരതത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച റഡാറുകളുടേയും നിരീക്ഷണ വിമാനങ്ങളുടേയും ചുമതലയ്ക്കായാണ് ഈ സൈനികര്‍ അവിടെ തുടരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക ശക്തിയായ ഭാരതത്തിന്റെ യുദ്ധക്കപ്പലുകളും മാലദ്വീപ് മേഖല കേന്ദ്രീകരിച്ച് പട്രോളിംഗ് ചെയ്യുന്നു. അഞ്ചുലക്ഷം വരുന്ന മാലദ്വീപുകാര്‍ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന രണ്ട് ഹെലികോപ്റ്ററുകള്‍ ഭാരത സര്‍ക്കാര്‍ നല്‍കിയതാണ്. കൊവിഡ് കാലത്തടക്കം മാലദ്വീപിന് വേണ്ട സഹായങ്ങള്‍ എപ്പോഴും ഭാരതമാണ് ചെയ്യുന്നത്. 2013 മുതല്‍ 2018 വരെ മാലദ്വീപ് ഭരിച്ച ഭാരത വിരുദ്ധനായ അബ്ദുള്ള യമീന്റെ അനുയായിയാണ് മുന്‍ മാലി മേയര്‍ കൂടിയായ പ്രസിഡന്റ് മുഹമ്മദ് മുയ്സു. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിലെത്തിയ മുയ്സു ബീജിങ്ങുമായി അടുത്ത ബന്ധത്തിനാണ് തന്റെ ആഗ്രഹമെന്ന്് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുയ്സുവിനെ ഫണ്ട് ചെയ്ത് അധികാരത്തിലെത്തിക്കാന്‍ ബീജിങ്ങിന്റെ സഹായം ലഭിച്ചിരുന്നു. ഭാരതവുമായി ഏറ്റവുമധികം അടുത്ത് പ്രവര്‍ത്തിച്ച ഇബ്രാഹിം മുഹമ്മദ് സോലിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മുഹമ്മദ് മുയ്സുവിന്റെ നീക്കങ്ങള്‍ മുഴുവനും ഭാരതത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സ്വാധീനം ഉയര്‍ത്തുകയെന്ന ബീജിങ്ങിന്റെ ലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണ് മുഹമ്മദ് മുയ്സു സര്‍ക്കാര്‍. ശ്രീലങ്കയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പാക്കിസ്ഥാനിലും ചെയ്തതു പോലെ, മാലദ്വീപിലെയും അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍തോതില്‍ ഫണ്ട് നല്കി മാലദ്വീപിനെ കടക്കാരാക്കുകയാണ് ചൈന.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സ്വാധീനം വര്‍ദ്ധിക്കുന്നത് ന്യൂദല്‍ഹിക്ക് ഇഷ്ടമല്ലെന്ന് വിനോദ സഞ്ചാര മേഖല കൊണ്ട് മുന്നേറുന്ന മാലദ്വീപിന് മനസ്സിലാക്കി നല്കാന് ലക്ഷദ്വീപ് വികസനത്തിലൂടെ കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപിലെത്തിയത് ഈ ലക്ഷ്യത്തോടെയാണ്. കേരളവുമായി ഏറ്റവുമടുത്ത് കിടക്കുന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്. അറബിക്കടലിലെ ദ്വീപസമൂഹത്തിന്റെ വിനോദ സഞ്ചാര വികസന മേഖലയിലേക്ക് ശതകോടികള്‍ വരും നാളുകളില്‍ ഒഴുകാന്‍ പോവുകയാണ്. അതിന്റെ അല്‍പ്പമെങ്കിലും പ്രയോജനം നേടിയെടുക്കാന്‍ കേരളത്തിന് സാധിച്ചാല്‍ നന്നായേനെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷദ്വീപും കേരളവും ഗുജറാത്തും എല്ലാം ഒന്നുപോലെ തന്നെയാണ്. ദേശീയപാതാ വികസനത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ അതു തെളിയിച്ചതുമാണ്. കേരളത്തിലെ സര്‍ക്കാര്‍ കൂടി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക്, പ്രധാനമന്ത്രി ലക്ഷ്യമിടുന്ന ലക്ഷദ്വീപ് വികസനം പുത്തനുണര്‍വ്വ് നല്‍കും. സേവ് ലക്ഷദ്വീപ് പ്രചാരണം നടത്തിയവരും ലക്ഷദ്വീപിന്റെ അവഗണനയ്ക്കെതിരെ സമരം നടത്തുന്നവരും അന്ധമായ രാഷ്ട്രീയം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: