ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎം സര്‍ക്കാരിന്റെ പിന്തുണയോടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിര്‍വാദത്തോടെയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തെ വഴിയില്‍ തടഞ്ഞ് ആക്രമിക്കാനും, ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ പ്രവേശിക്കുന്നത് തടയാനും ശ്രമിച്ച് എസ്എഫ്ഐ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. എസ്എഫ്ഐയുടെ ധിക്കാരത്തെ അവഗണിച്ച് ഗവര്‍ണര്‍ ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് സിപിഎമ്മിനെ ചൊടിപ്പിക്കുകയാണ്. തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നവര്‍ അതേ ദിവസം ഗവര്‍ണര്‍ തൊടുപുഴയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സമരവേദി അങ്ങോട്ടുമാറ്റുകയായിരുന്നു. തൊടുപുഴയില്‍ ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്ന് അസഭ്യം വിളിച്ചുപറയുകയും ആക്രോശിക്കുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. ഗവര്‍ണര്‍ തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കുകയും, ജനങ്ങളുമായി സംവദിച്ച് മടങ്ങിപ്പോവുകയും ചെയ്തു. ഇടുക്കി ഹര്‍ത്താലിനുള്ള സിപിഎം ആഹ്വാനം വ്യാപാരികള്‍ തള്ളിക്കളഞ്ഞത് ഇക്കൂട്ടരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഭീഷണിയുമില്ലെന്നും, കേരളത്തിലെവിടെയും താന്‍ നിര്‍ബാധം സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ തൊടുപുഴ വിട്ടത്.
ഭൂപതിവു ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ടാണ് ഇടുക്കി ഹര്‍ത്താലെന്ന് സിപിഎം പറയുന്നത് ഒരു മറയാണ്. ബില്ലില്‍ ഒപ്പുവയ്ക്കാത്തത് അതിനെക്കുറിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലും മറ്റും സിപിഎമ്മിന്റെ സ്വന്തക്കാരെ കുത്തിനിറയ്ക്കാന്‍ ഗവര്‍ണര്‍ കൂട്ടുനില്‍ക്കാത്തതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെ പ്രശ്നം. സ്വജനപക്ഷപാതത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നതും, ഗവര്‍ണര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നതുമാണ് അക്രമാസക്ത സമരത്തിലേക്ക് മാറാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. നിയമത്തിനു മുന്നില്‍ തോറ്റപ്പോള്‍ നിയമവിരുദ്ധ മാര്‍ഗം അവലംബിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ നിഷ്കരുണം വേട്ടയാടുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തെയും നയമാണ്. പാര്‍ട്ടിവിട്ടുപോയ എം.വി.രാഘവനെതിരെ നടത്തിയതുപോലുള്ള സമരമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയും നടക്കുന്നത്. അന്ന് എം.വി.രാഘവന്റെ എതിര്‍പക്ഷത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നെങ്കില്‍, ഗവര്‍ണര്‍ക്കെതിരായ സമരത്തിന് എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. ഗവര്‍ണര്‍ക്കെതിരായ അക്രമാസക്ത സമരത്തെ മുഖ്യമന്ത്രി അപലപിച്ചിട്ടില്ലെന്നു മാത്രമല്ല, അക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് എടുക്കുന്നത്. പോലീസിനെ നിര്‍വീര്യമാക്കി സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്ത് നിയമവാഴ്ചയെ അട്ടിമറിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണാധികാരി തന്നെയാണ്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: