ധന്‍ബാദ് : അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത് കാണാന്‍ കാത്തിരുന്ന കോടിക്കണക്കിന് ഹൈന്ദവ മത വിശ്വാസികളാണുളളത്. ക്ഷേത്ര നിര്‍മ്മാണത്തിനായി പ്രാര്‍ത്ഥിച്ചവരും കര്‍സേവ നടത്തിയവരുമുണ്ട്.
എന്നാല്‍ ക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ 30 വര്‍ഷം വ്രതമെടുത്ത വനിതയെ കുറിച്ചാണ് ഇവിടെ പറയുന്നത്.ജാര്‍ഖണ്ഡില്‍ ധന്‍ബാദിലെ കരംതണ്ടില് താമസിക്കുന്ന 85 കാരിയായ സരസ്വതി ദേവി അഗര്‍വാളാണ് ശ്രീരാമക്ഷേത്രം നിര്‍മ്മിച്ച് കാണാനായി ഇത്രയും വര്‍ഷങ്ങള്‍ മൗനവ്രതമെടുത്തത്.
ശ്രീരാമജന്മഭൂമിയില് ക്ഷേത്രം സ്ഥാപിച്ചതിന് ശേഷമേ താന്‍ ഇനി സംസാരിക്കൂ എന്ന് 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് സരസ്വതി ദേവി അഗര്‍വാള്‍ പ്രതിജ്ഞ എടുത്തത്.ഈ മാസം 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വ്രതം അവസാനിപ്പിക്കാനാണ് അവരുടെ തീരുമാനം. ഇത്രകാലം ആംഗ്യഭാഷയിലൂടെയും എഴുതിയുമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീരാമക്ഷേത്ര ട്രസ്റ്റ് സരസ്വതി ദേവിയെ ക്ഷണിച്ചത് പ്രകാരം കഴിഞ്ഞ രാത്രി ധന്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗംഗ-സത്ലജ് എക്സ്പ്രസില്‍ സരസ്വതി ദേവി സഹോദരങ്ങള്‍ക്കൊപ്പം അയോധ്യയിലേക്ക് പുറപ്പെട്ടു. അയോധ്യ റെയില്‍വേ സ്റ്റഷനില്‍ രാംജന്മഭൂമി ന്യാസ് , ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ഇവരെ സ്വീകരിക്കും.
തന്റെ ജീവിതാഭിലാഷം പൂര്‍ത്തിയായതായാണ് സരസ്വതി ദേവിയുടെ വിശ്വാസം. അതിന്റെ ആഹ്ലാദം മാതാവിനുണ്ടെന്ന് മക്കള്‍ പ്രതികരിച്ചു.
ക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിനെ പോലെയാണെന്ന് സരസ്വതി ദേവി കടലാസില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസിഷ്ഠ മഹര്‍ഷിയെ പോലെയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സരസ്വതി ദേവിയുടെ മകന് ഹരിറാം അഗര്‍വാള്‍ പറയുന്നതനുസരിച്ച്, അമ്മ 1992 ഡിസംബര്‍ 6-ന് അയോധ്യയിലെത്തി രാംജന്മഭൂമി ന്യാസിന് നേതൃത്വം നല്‍കിയിരുന്ന സ്വാമി നൃത്യ ഗോപാല്‍ ദാസിനെ കണ്ടു. അദ്ദേഹത്തിന്റെ കൂടി സമ്മതം വാങ്ങിയാണ് മൗനവ്രതം ആചരിക്കാന്‍ തുടങ്ങിയത്.
65 വര്‍ഷം മുമ്പാണ് സരസ്വതി ദേവി, ദേവകിനന്ദന്‍ അഗര്‍വാളിനെ വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ ഭോന്റ ഗ്രാമത്തില്‍ നിന്നുള്ള ദേവകിനന്ദന്‍ അഗര്‍വാള്‍ 35 വര്‍ഷം മുമ്പ് മരിച്ചു. ദമ്പതികള്‍ക്ക് എട്ട് മക്കള്‍. നാല് ആണ്മക്കളും നാല് പെണ്മക്കളും.അതില്‍ മൂന്ന് പേര് മരിച്ചു. സരസ്വതി ദേവി രാജസ്ഥാനിലാണ് ജനിച്ചത്. സ്കൂളില്‍ പോയിട്ടില്ല. എന്നാല്‍ ഭര്‍ത്താവ് അവരെ എഴുതാനും വായിക്കാനും എഴുതാനും പഠിപ്പിച്ചു. അതിനുശേഷം രാം ചരിത് മാനസ് പോലുള്ള മതഗ്രന്ഥങ്ങള്‍ പതിവായി വായിക്കും.വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ദിവസം ഭക്ഷണം ഒരിക്കല്‍ മാത്രം. അതും സസ്യാഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: