ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിമോര്‍ പ്രസിഡന്റ് ലെസ്റ്റെ ജോസ് റാമോസ്-ഹോര്‍ട്ടയും ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി.വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സാംസ്കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും തിമോര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി മോദി ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അദ്ദേഹം ഇന്ന് ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടില്‍ രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം പ്രധാനമന്ത്രി മോദി റോഡ് ഷോ നയിക്കും. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് നാളെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നിക്ഷേപം, വ്യവസായം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയാണ് ആശയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: