തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി.
രാഹുലിന് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അറസ്റ്റ്് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തി. പോലീസിന്റെ ഫൈബര്‍ ഷീല്‍ഡ്, ഹെല്‍മറ്റ്. ഫൈബര്‍ ലാത്തി എന്നിവയ്‌ക്ക് കേടുപാടുകള്‍ സഭവിച്ചു. 50000 രൂപയുടെ നാശനഷ്ടം സംഭവിച്ചു.
രാഹുലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിക്കഷ്ണങ്ങളും കൊടിക്കമ്പുകളുമായെത്തി സ്ത്രീകളെ മറയാക്കി പോലീസിനെ മര്‍ദ്ദിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ട്. കൂടാതെ വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ അറിയിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ കന്റോണ്‍മെന്റ് പോലീസ് രാഹുലിന്റെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദികളെ പിടികൂടുന്നത് പോലെയാണെന്നും പോലീസ് വീട് വളഞ്ഞ് രാഹുലിനെ പിടികൂടിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: