തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ട അടൂരിലെ വീട്ടില്‍ പോലീസ് പുലര്‍ച്ചെയ്ക്ക് എത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഭീകരവാദികളോടെന്ന പോലെയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പതിനാല് ജില്ലകളിലും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അറസ്റ്റിനിടെ എസ്ഐയും രാഹുലും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പോലീസ് ഫോഴ്സിനെ ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ അന്വേഷണത്തോട് സഹകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. എന്നിട്ടും എസ്ഐ ബലം പ്രയോഗിച്ച് രാഹുലിനെ ജീപ്പിലേക്ക് കയറ്റുകയായിരുന്നു.
കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുയി രാഹുലിന്റെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്റ്റേഷനില്‍ വച്ച് രാഹുലിനോട് സംസാരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും പോലീസ് അത് തടഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റില്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി.
അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വിഡി സതീശന് പറഞ്ഞു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വ്യക്താക്കളാകുന്നതെന്നും സതീശന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: