കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദീകരണം തേടി ഹൈക്കോടതി. ഡിജിപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ചാണ് അഭിഭാഷകനും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.തുടര്‍ന്ന് അഭിഭാഷകന്‍ അക്വിബ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു.
കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യ വാക്കുകള്‍ പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുള്ളത്.വാഹനാപകട കേസില്‍ വാഹനം വിട്ടു നല്‍കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അഭിഭാഷകന്‍.
പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആലത്തൂര്‍ എസ്‌ഐ റിനീഷുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനല്‍കില്ലെന്നുമായിരുന്നു പൊലീസ് വാദം.
തുടര്‍ന്ന് എടോ, പോടോ വിളികളും ഭീഷണിയും മറ്റുമായി സംസാരം മാറി. നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞെന്നാണ് അഭിഭാഷകന്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: