കൊല്ലം: കുച്ചുപ്പുടിയില്‍ എ ഗ്രേഡ് പറയുമ്പോള്‍ മകള്‍ അഭിരാമിയെ കെട്ടിപിടിച്ച് മുത്തം നല്‍കി അമ്മ സന്ധ്യ. ഏറെക്കാലത്തെ സ്വപ്‌നം. സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരം. ഇരട്ടി സന്തോഷമുള്ള നിമിഷം. പക്ഷെ ഇടുക്കി കൊച്ചു കാമാക്ഷി എംകെ പടി ആലുങ്കല്‍ കിഴക്കേതില്‍ സുരേഷിനും സന്ധ്യയ്‌ക്കും മനസില്‍ ആധിയാണ്. വീടെത്തിയാലുടന്‍ മകള്‍ അഭിരാമിയുടെ നൃത്തത്തിനുവേണ്ടി എടുത്തത് ഉള്‍പ്പെടെ കടമെടുത്ത തുക തിരികെ അടയ്‌ക്കാന്‍ മാര്‍ഗം കണ്ടെത്തണം.
മൂന്നുമക്കളാണ് സുരേഷിനും സന്ധ്യയ്‌ക്കും. കൃഷിപ്പണിയാണ് സുരേഷിന്. പട്ടയഭൂമിയില്‍ കൃഷി ചെയ്യുമെങ്കിലും പലപ്പോഴും നഷ്ടമാണ്. സന്ധ്യ ആടിനെയും പശുവിനെയും വളര്‍ത്തുമായിരുന്നു. സന്ധ്യയുടെ മുട്ടിന് വേദന വന്നതോടെ ആ വരുമാനം നിന്നു. തൊഴിലുറപ്പിനു പോകും. സുരേഷിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പട്ടയം കിട്ടിയ ഭൂമി ഒന്നര ലക്ഷത്തിന് സ്വകാര്യ ബാങ്കില്‍ പണയത്തിലാണ്. അതിന്റെ അടവ് പലതും മുടങ്ങി. കൂടാതെ നൃത്ത പഠനത്തിനും കൃഷി ആവശ്യത്തിനും ഒക്കെയായി പല സ്വകാര്യ ബാങ്കുകളുടെ ലോണ്‍ എല്ലാംകൂടി അഞ്ചര ലക്ഷത്തോളം കടമുണ്ട്. ആഴ്ചയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും പിരിവിന് വരും. അടവുകള്‍ പലതും മുടക്കത്തിലാണ്. മൂന്നുമക്കളുടെ പഠനവും അഭിരാമിയുടെ നൃത്തപഠനവും എല്ലാം രണ്ടു പേര്‍ക്കും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്. എന്നാല്‍ അഭിരാമിയുടെ നൃത്തപഠനം മാത്രം മുടക്കിയിട്ടില്ല.
ഇത്തവണ പക്ഷെ കണക്കു കൂട്ടലുകള്‍ തെറ്റി. കലോത്സവത്തിന് മത്സരിക്കാന്‍ ഒരു വഴിയും കണ്ടില്ല. നൃത്താധ്യാപകന്‍ ജിഷ്ണു സഹായിച്ചു. നൃത്തം പഠിപ്പിച്ചു. പലരില്‍ നിന്നും വായ്പയും വാങ്ങിയാണ് കൊല്ലത്തേക്ക് എത്തിയത്. അതിനിടയില്‍ അഭിരാമി പഠിക്കുന്ന ഇരട്ടിയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ തിരുവാതിര സംഘത്തിലും ഉള്‍പ്പെടുത്തിയത്. കുടുംബത്തിന്റെ സ്ഥിതി അറിയാവുന്ന അധ്യാപികയാണ് തിരുവാതിരയ്‌ക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയത്. തിരുവാതിരയ്‌ക്കും അഭിരാമിയുടെ സംഘത്തിന് എ ഗ്രേഡുണ്ട്. പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിരാമിക്ക് കൃഷി ഐഛിക വിഷയമായി പഠിക്കുന്നതിനൊപ്പം നൃത്തവും കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷെ അത്ര വരെ എത്തിക്കാന്‍ കഴിയുമോ എന്ന് സുരേഷിനും സന്ധ്യക്കും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: