കൊല്‍ക്കത്ത: ബംഗാളില്‍ റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത തൃണമൂല്‍ നേതാവും മുന്‍ ബോണ്‍ഗാവ് നഗരസഭ ചെയര്‍മാനുമായ ശങ്കര്‍ ആധ്യയെ കോടതി 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു.
പതിനായിരം കോടി രൂപയുടെ റേഷന്‍ വിതരണ കുംഭകോണമാണ് നടന്നിരിക്കുന്നതെന്ന് ഇ ഡി വ്യക്തമാക്കി. 17 മണിക്കൂര്‍ നേര മാണ് ശങ്കര്‍ ആധ്യയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. അതിനുശേഷമായിരുന്നു അറസ്റ്റ്.
അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ കുംഭകോണത്തിന്റെ തുക വര്‍ധിക്കുമെന്നും ഇ ഡി വ്യക്തമാക്കി. ശങ്കര്‍ ആധ്യ 20,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലാണ് വിദേശ കറന്‍സി ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം കോടി രൂപ റേഷന്‍ വിതരണ കുംഭകോണത്തിലൂടെ ലഭിച്ചതാണെന്നും ഇ ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. ദുബായ് മുഖേന 2500 കോടിയുടെ കള്ളക്കടത്ത് ഇയാള്‍ നടത്തിയിട്ടുണ്ട്.
ഇതിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഇന്നലെയും രൂക്ഷമായ വിമര്‍ശനം നടത്തി. അക്രമത്തിനു പിന്നിലെ സൂത്രധാരനും റേഷന്‍ കുംഭകോണ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള തൃണമൂല്‍ നേതാവ് ഷാജഹാന് ഷെയ്ഖിനെ അടിയന്തരമായി പിടികൂടണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നും ഗവര്‍ണര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നതായി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നില്‍ റോഹിങ്ക്യന്‍ ഭീകരരുടെ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
ഗവര്‍ണറുടെ നടപടികളെ പൂര്‍ണമായും പിന്താങ്ങുന്നതായും ബിജെപി വ്യക്തമാക്കി. ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന തൃണമൂല്‍ ഗുണ്ടകള്‍ വെള്ളിയാഴ്ചയാണ് ആക്രമിച്ചത്. ഷാജഹാന് അറസ്റ്റിലാകുന്നതോടെ റേഷന്‍ കുംഭകോണത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ചുരുളഴിയുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.
ബംഗാളിലെ സ്ഥിതിഗതികള്‍ മണിപ്പൂരിനേക്കാള്‍ വഷളായിരിക്കുകയാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: