സാമൂഹ്യനവോത്ഥാന പരിശ്രമങ്ങള്‍ എല്ലാ സമൂഹങ്ങളിലും അനിവാര്യമാണ്. കാലാകാലങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മഹാത്മാക്കള്‍ ഉണ്ടായി എന്നതാണ് സനാതന ധര്‍മം അനര്‍ഗള ഗംഗാപ്രവാഹമായി തുടരുന്നതിന്റെ രഹസ്യം. അടിസ്ഥാനമൂല്യങ്ങള്‍ക്ക് ച്യുതിയേല്ക്കാതെ കാലോചിത പരിഷ്ക്കാരങ്ങള്‍ ആവിഷ്ക്കരിക്കുക എന്നതാണ് നവോത്ഥാന രീതി. ‘കുടുംബപ്രബോധനം’ എന്ന പ്രവര്‍ത്തനം ലക്ഷ്യമിടുന്നതും ഇതാണ്.
ഭഗവദ്ഗീത നാലാമധ്യായത്തില് ഭഗവാന് ശ്രീകൃഷ്ണന് ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്.
ഏവം പരമ്പരാപ്രാപ്ത-
മിമം രാജര്ഗയോവിദുഃ;
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ
‘ഞാന്‍ ഒരുകാലത്ത് വിവസ്വാനും വിവസ്വാന് മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ച ഈ ധര്‍മം കാലപ്രവാഹത്താല്‍ പ്രഭ മങ്ങിയതായി. അതിനെ പുനഃപ്രതിഷ്ഠിക്കാനാണ് വിവിധ അവതാരലീലകള്‍’ എന്നും തുടര്‍ന്നു പറയുന്നുണ്ട്.
യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനാം സൃജാമ്യഹം
‘ഹേ, അര്‍ജുന, ധര്മത്തിന് എപ്പോഴെല്ലാം ദൗര്ബല്യമുണ്ടാകുന്നുവോ, അപ്പോഴെല്ലാം അതിനെ പുനര്‍ജീവിപ്പിക്കാനായി, ഞാന്‍ അവതാരമെടുക്കുന്നു. സമാജത്തില്‍ എക്കാലത്തും ഹിരണ്യാക്ഷന്മാരും ഹിരണ്യകശിപുമാരും ജന്മമെടുത്തിട്ടുണ്ട്. അത്തരം ജന്മങ്ങള് ഇനിയും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് അത്തരം ദുഷ്ടശക്തികളെ സമാജം എങ്ങനെ നേരിട്ടു എന്നതാണ് പുരാണേതിഹാസങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. സമാജ പരിഷ്ക്കാരങ്ങള്‍ എക്കാലത്തും ആവശ്യമാണ്. സമാജ ജീവിതത്തിന് ക്ഷതമേല്ക്കാത്ത തരത്തില്‍ അനുയോജ്യ പരിഷ്ക്കരണശ്രമങ്ങള്‍ കണ്ടെത്തലാണ് സമാജത്തിന്റെ നിലനില്പിന് ആധാരം.
ഇത് കലിയുഗമാണ്. കലിയുഗത്തില്‍ ഭഗവാന്റെ അവതാരം ‘സംഘ’രൂപത്തിലാണത്രെ! ‘സംഘേശക്തി കലൗയുഗേ’.
സമാജത്തിന്റെ അടിസ്ഥാന ഏകകം, കുടുംബമാണ്. അതിനാല്‍ സമാജശക്തി കുടുംബത്തില്‍ നിന്നാണ് രൂപപ്പെടുന്നത്. ഈ ‘പൗരധര്‍മം’ പഠിക്കുവാന്‍ പ്രത്യേകപാഠ്യപദ്ധതി വിദ്യാലയങ്ങളില്‍ ഉണ്ട്. അതു പഠിക്കുന്നവര്‍ ഫീസ് കൊടുക്കുകയും പഠിപ്പിക്കുന്നവര്‍ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. എന്നിട്ടും കോടതികളില്‍ ‘ഫയല്‍’ കെട്ടുകള്‍ കുന്നുകൂടുന്നു. പലതിലും പ്രതിഭാഗത്ത് ഭരണകര്‍ത്താക്കള്‍ തന്നെ എന്നതും ഹിരണ്യകശിപുക്കളുടെ സാന്നിധ്യമാണ് ഓര്‍മ്മിപ്പിക്കുന്നത്.
എന്നാല്‍ ധാര്‍മ്മിക ജീവിതം നയിക്കുന്ന കുടുംബത്തില്‍ പിറന്നവര്‍ അന്യായത്തിനും അധര്‍മത്തിനും ചൂട്ടു പിടിക്കുന്നില്ല. ഈ ധാര്മ്മികജീവിതമാണ് ഉത്തമപൗരന്റെ ലക്ഷണം. അതു പഠിപ്പിക്കാന്‍ ഫീസോ ശമ്പളമോ ആവശ്യമില്ല താനും. അതിനാല്‍ കുടുംബമെന്ന സര്‍വകലാശാലയാണ് ശാക്തീകരിക്കപ്പെടേണ്ടത്. ആ സര്‍വകലാശാലയിലെ കുലപതി അമ്മയാണ്. അമ്മ ശാക്തീകരിക്കപ്പെടുമ്പോള്‍ കുടുംബവും ശാക്തീകരിക്കപ്പെടും. അമ്മ ദുര്‍ബലമായാല്‍ കുടുംബവും ദുര്‍ബലമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: