ആലപ്പുഴ: കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്ന് മുൻ മന്ത്രിയും സിപി എം നേതാവുമായ ജി. സുധാകരൻ. 2010ൽ കായംകുളത്ത് മത്സരിച്ചപ്പോൾ താൻ തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപി എം നേതാവ് കെ.കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നതുകൊണ്ടാണെന്നും സുധാകരൻ തുറന്നടിച്ചു.
കായംകുളത്ത് നടന്ന പി. എ ഹാരീസ് അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ജി.സുധാകരൻ നടത്തിയത്. കായംകുളത്ത് താൻ മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് ജി.സുധാകരൻ തുറന്നടിച്ചു. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നു. പാർട്ടി പ്രവർത്തകരുടെ തന്നെ വീടുകളിൽ കല്ലെറിഞ്ഞു. പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. തന്നോടുള്ള എതിർപ്പ് കൊണ്ടല്ല പാർട്ടിക്കാർ കല്ലെറിഞ്ഞതു കൊണ്ടാണ് വോട്ട് ചെയ്യാതിരുന്നതെന്ന് ഇവർ പിന്നീട് തന്നോട് പറഞ്ഞു.
താൻ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നു. തനിക്ക് പര്യടനം നടത്താൻ വാഹനം പോലും വിട്ടുകിട്ടാത്ത അവസ്ഥയുണ്ടായി. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു. പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: