പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ വന്നുമടങ്ങി. അതിനെക്കുറിച്ചുള്ള ആശങ്കയും അങ്കലാപ്പുമാണെങ്ങും. തൃശൂരില്‍ നരേന്ദ്രമോദി എന്തേ സുരേഷ്ഗോപിയെ പ്രഖ്യാപിച്ചില്ല എന്നു ചോദിക്കുന്നവരുണ്ട്. അത് ബിജെപിയെക്കുറിച്ചറിയാത്തതുകൊണ്ടാണ്. നരേന്ദ്രമോദിയെക്കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടാണ്. എന്ത്, ആര്, എപ്പോള്‍ പറയണമെന്ന വകതിരിവില്ലാത്ത കുറേ നേതാക്കളാണല്ലോ കേരളത്തെ കുളം തോണ്ടുന്നത്. അതുപോലൊരു സാധനമാണ് നരേന്ദ്രമോദിയെന്ന് കരുതിക്കാണും. അതുകൊണ്ടാണങ്ങിനെ. ബിജെപിക്ക് അതിനൊക്കെ ഒരു വ്യവസ്ഥയുണ്ട്. അത് തെറ്റിക്കാന്‍ നരേന്ദ്രമോദിക്കാവില്ല. അമിത്ഷായ്ക്കുമാകില്ല. അതിനെക്കുറിച്ച് തൃശൂരിലെത്തിയ പതിനായിരക്കണക്കിന് അമ്മമാര്‍ക്ക് സംശയമില്ല. സഹോദരിമാര്‍ക്ക് ആശങ്കയില്ല. തൃശൂര്‍ക്കാര്‍ക്ക് ഒട്ടുമില്ല. എന്നിട്ടും വേവലാതിപ്പെടുന്നവരുടെ രോഗം വെറെയാണ്. അതിന് ചികിത്സ വേറെ വേണം.
നരേന്ദ്രമോദി പത്തുപതിനെട്ട് പദ്ധതികളെ പരാമര്‍ശിച്ചു. അതാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ചു. മോദിയുടെ ഗ്യാരണ്ടിയൊന്നും നടപ്പില്ലെന്നാണ് സിപിഐക്കാരനും സിപിഎമ്മുകാരനും കോണ്‍ഗ്രസുകാരനും ആവര്‍ത്തിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിക്കെന്താ കുഴപ്പമെന്നാണ് ചോദ്യം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മോദി ചെയ്തകാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞുകൊണ്ടാണ് മോദിയുടെ ഗ്യാരണ്ടി ചൂണ്ടിക്കാട്ടിയത്. തൃശൂരില്‍ വനിതാ സമ്മേളനമായിരുന്നു. വനിതാശാക്തീകരണത്തിനായി ചെയ്ത കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. 10 കോടി ഉജ്ജ്വല കണക്ഷന് നല്‍കിയില്ലെ. അത് മോദിയുടെ ഗ്യാരണ്ടിയല്ലെ. വെറകടുപ്പില്‍ ഊതിഊതി സഹികെടുന്ന അമ്മമാര്‍ക്ക് അത് ആശ്വാസമല്ലെ. അതുപോലെ കുടിവെള്ള പദ്ധതി. 11 കോടി കുടുംബങ്ങള്‍ക്കാണത് ലഭ്യമാക്കിയത്. കുടിവെള്ളം കിട്ടാന്‍ കിലോമീറ്ററോളം നടന്നാലും രക്ഷകിട്ടാത്ത വീട്ടമ്മമാര്‍ക്ക് അത് നല്കുന്ന ആശ്വാസം ചെറുതാണോ?
ശൗചാലങ്ങള്‍. കേരളത്തിലത് വലിയ പ്രശ്നമല്ലായിരിക്കാം. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ അതിന്റെ ആശ്വാസവും സൗകര്യവും എത്രമാത്രം പ്രയോജനകരമാകുമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുമോ? 12 കോടി കുടുംബങ്ങള്‍ക്കാണ് 10 വര്‍ഷം കൊണ്ട് ശൗചാലയങ്ങള്‍ പണിതുനല്‍കിയത്. കേരളത്തില്‍ മാത്രം 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനായി. മുദ്രാലോണ്‍ നല്കാന് കഴിഞ്ഞു. മറ്റ് വായ്പാ സംവിധാനങ്ങള്‍ ലഭ്യമാക്കി. രാജ്യത്താകമാനം 30 കോടി വനിതകള്‍ക്കാണ് മുദ്രാലോണ്‍ നല്‍കിയത്. സാനിറ്ററി പാഡുകള്‍ വലിയ പ്രശ്നമാണ്. തര്‍ക്കങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിവച്ച ആ സംഗതി ഒരു രൂപയ്ക്ക് ലഭ്യമാക്കിയത് നിസ്സാരമായി തള്ളാനാകുമോ?
പ്രസവാവധി 26 ആഴ്ചയാക്കിയത് മോദിയുടെ ഗ്യാരണ്ടിയിലൂടെയാണ്. ഇത് കേരളത്തില്‍ നല്‍കില്ലെന്നാണോ? സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത് മോദിയുടെ ഗ്യാരണ്ടി വഴിയല്ലെ. ലോക്സഭയിലും നിയമസഭയിലും വനിതാപ്രാതിനിധ്യവും സംവരണവും ഉറപ്പാക്കിയെന്ന് മാത്രമല്ല, മുത്തലാഖ് നിര്‍ത്തലാക്കിയതും മഹിളകളെ ആശ്വാസത്തിലാക്കുന്നതല്ലെ. ഇതൊക്കെ മോദിയുടെ ഗ്യാരണ്ടിയാണെന്ന് പറയുമ്പോള്‍ തൃശൂരിലെ വനിതകള്‍ ആവേശപൂര്‍വമാണിതിനെ സ്വീകരിച്ചത്. ഇതൊന്നും കേരളത്തില്‍ നടപ്പില്ലെന്ന് പറയാന്‍ കേരളത്തിലെ റവന്യൂ മന്ത്രിക്കെന്തവകാശം? രമേശ് ചെന്നിത്തലക്കെന്തര്‍ഹത. സിപിഎം സെക്രട്ടറിക്കെങ്ങനെ ധൈര്യം വന്നു?
അരനൂറ്റാണ്ടുകാലം ആരും ചോദ്യം ചെയ്യാനില്ലാത്തവിധം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്കിതിനൊന്നും സമയമുണ്ടായില്ല. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അവരുടെ ചിന്ത അഴിമതിയിലൂടെ കോടികള്‍ വാരിക്കൂട്ടാനായിരുന്നു. കുടിവെള്ളം, പാര്‍പ്പിടം, ശൗചാലയം, ശുചിത്വം എന്നീ കാര്യങ്ങളെക്കുറിച്ച് ആലോചനയോ നടന്നില്ല. നരേന്ദ്രമോദി ആദ്യം ചൂലെടുത്തത് ശുചിത്വ ഭാരതം സൃഷ്ടിക്കാനായിരുന്നു. അന്ന് ചോദിച്ച പലരുമുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേര്‍ന്ന പണിയാണോ ഇതെന്ന സംശയമായിരുന്നു അവര്‍ക്ക്. ഇന്ന് ശുചിത്വം എന്നത് രാജ്യത്താകമാനം ചിന്താവിഷയമാണ്. തീവണ്ടികളില്‍ ശുചിത്വമുണ്ടായിരുന്നോ? നാറ്റംകൊണ്ട് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ. ഇന്നത് മാറിയില്ലെ. തീവണ്ടികളില്‍ ശുചീകരണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കിയില്ലെ. ശുചിത്വത്തില്‍ മാത്രമല്ല യാത്രാ സംവിധാനവും മെച്ചപ്പെട്ടതാക്കിയില്ലെ?
വന്ദേഭാരത് വന്നതോടുകൂടി കേരളത്തിലെ ആളുകളുടെ സഞ്ചാരസൗകര്യം തന്നെ മെച്ചപ്പെട്ടതായില്ലെ. കൂടുതല്‍ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയില്ലെ. മുന്‍പ് കെ റെയിലിന്റെ സര്‍വേക്കല്ലും പിടിച്ചുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്ന് ഇടതുകണ്‍വീനര്‍ ജയരാജന് പരിഹസിക്കുന്ന സാഹചര്യമുണ്ടായി. വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വര്‍ധിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനില്‍ കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30 ന് കയറിയാല്‍ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. അതിനും വേണം മോദിയുടെ ഗ്യാരണ്ടി. ഇപ്പോള്‍ രണ്ടു വന്ദേഭാരതാണ് ഓടുന്നത്. അതിനെയും അവഹേളിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വര്‍ഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങള്‍ ചെയ്യാന്‍? അല്ലെങ്കില്‍ കേരളം എങ്ങനെ മുന്നോട്ടുപോകും? അതാണ് നരേന്ദ്രമോദി ഉയര്‍ത്തുന്ന ചോദ്യം. ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുകയാണ്. ഇത് ഇവിടെ നമ്മുടെ വളര്‍ച്ചയ്ക്കൂകൂടി ഉപയോഗിക്കേണ്ടേ?
മോദിയുടെ ഗ്യാരണ്ടി ഉണ്ടെങ്കില്‍ കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടാകും. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളിലും സംവിധാനങ്ങളിലേക്കും മാറുകയാണ്. രാജ്യത്തിനൊപ്പം കേരളത്തിന്റെമൊത്തം ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ് മോദിയുടെ പ്രയത്നം. അത് കേരളത്തില്‍ നടക്കില്ലപോലും. ദൈവത്തിന്റെ സ്വന്തം നാടിനെ പേരിനൊപ്പം എത്തിക്കാനുള്ള ഗ്യാരണ്ടിയാണ് മോദിക്ക്. അത് നടക്കുക തന്നെ ചെയ്യും.
‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന കാഴ്ചപ്പാട് രാജ്യം ‘സങ്കല്‍പ്പ് സേ സിദ്ധി’ യുടെ മാധ്യമമാക്കി. 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും വികസനം അനിവാര്യമാണ്. റെയില്‍വേ മന്ത്രിയുടെ സംസ്ഥാനത്ത് റെയില്‍വേ വികസനം കേന്ദ്രീകരിക്കാനുള്ള സ്വാര്‍ഥ ചിന്താഗതി രാജ്യത്തെ വളരെയധികം നശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സംസ്ഥാനത്തെയും പിന്നാക്കം നിര്‍ത്താന്‍ നമുക്ക് കഴിയില്ല. ‘ഏവര്‍ക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന കാഴ്ചപ്പാടുമായി നാം മുന്നോട്ടുപോകണം.
ഓരോ യാത്രയും യാത്രക്കാര്‍ക്ക് അവിസ്മരണീയമാക്കിമാറ്റാനാണ് റെയില്‍വെ ചിന്തിക്കുന്നത്. ‘റെയില്‍വേയിലെ ഓരോ ജീവനക്കാരനും യാത്ര സുഗമമാക്കുന്നതിനും യാത്രക്കാര്‍ക്ക് നല്ല അനുഭവം നല്കുന്നതിനുമായി നിരന്തരം സംവേദനക്ഷമത പുലര്‍ത്തേണ്ടതുണ്ട്.’ ഇന്ത്യന്‍ റെയില്‍വേയിലും സമൂഹത്തിലും എല്ലാ തലത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ വികസിത ഇന്ത്യയിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരിക്കും. അതും മോദിയുടെ ഗ്യാരണ്ടിയാണ്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: