ബെംഗളൂരു: ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഭാവിയില്‍ സ്‌പേസ് സ്റ്റേഷന്‍ അടക്കം സ്ഥാപിച്ചാല്‍ അതിനു വേണ്ട ഊര്‍ജ്ജം വലിയ തോതില്‍ ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഭാരതം തുറന്നത്.
കഴിഞ്ഞ ദിവസം വിക്ഷേപിച്ച പിഎസ്എല്‍വി സി 58ലെ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളില്‍ (പോയം3) വച്ചാണ് നൂറു വാട്ടിന്റെ പോളിമര്‍ ഇലക്‌ട്രോലൈറ്റ് മെംബ്‌റെയ്ന്‍ (പിഎഎം) പരീക്ഷിച്ചത്. ഐഎസ്ആര്‍ഒ വികസിപ്പിച്ച ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ ബഹിരാകാശത്തെ വൈദ്യുതി ഉത്പാദനത്തെ വിപ്ലവകരമാക്കും. വലിയ തോതില്‍, നിരന്തരം, കാര്യക്ഷമമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.
ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതില്‍ നിര്‍ണായകമായത് ഐഎസ്ആര്‍ഒ വികസിപ്പിച്ച ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ. ഉപഗ്രഹ അറകളില്‍ ഉന്നത മര്‍ദത്തില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ച് 180 വാട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉത്പാദിപ്പിച്ചത്.
ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന രാസോര്‍ജ്ജം, വൈദ്യുത, രാസ പ്രവര്‍ത്തനങ്ങളിലൂടെ നേരിട്ട് വൈദ്യുതിയാക്കുന്നതാണ് ഫ്യുവല്‍ സെല്ലില്‍ നടക്കുന്നത്. നേരിട്ടുള്ള പരിവര്‍ത്തനമായതിനാല്‍ ഈ സംവിധാനത്തിനു കാര്യക്ഷമത വളരെക്കൂടുതലാണ്. വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നം വെള്ളമാണ്. ചൂടുള്‍പ്പെടെ ഒരുതരത്തിലുള്ള ബഹിര്‍ഗമനങ്ങളും (എമിഷന്‍) ഇല്ല. അതിനാല്‍ സുരക്ഷിതവുമാണ്.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ദൗത്യങ്ങളില്‍ പേടകങ്ങളില്‍ വൈദ്യുതി, വെള്ളം, ചൂട് എന്നിവ അത്യാവശ്യമാണ്. ദീര്‍ഘകാലം താമസിക്കേണ്ടി വരുമ്പോള്‍ ഇവ മൂന്നും നിരന്തരം ഉത്പാദിപ്പിക്കേണ്ടതുമുണ്ട്. ഫ്യുവല്‍ സെല്‍ വഴി വൈദ്യുതി മാത്രമല്ല, അത്യാവശ്യത്തിന് വെള്ളവും ഉത്പാദിപ്പിക്കാം. ഇത്തരം സെല്ലുകള്‍ വാഹന രംഗത്തെയും അടിമുടി മാറ്റും.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് (വിഎസ്എസ്‌സി) സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: