തൃശ്ശൂര്‍: ടി.എന്‍. പ്രതാപന് എം.പിക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരോധിത തീവ്രവാദ സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി വര്‍ഷങ്ങളുടെ ബന്ധമാണ് പ്രതാപനുള്ളത്. തേജസ് വാരികയുടെ ആദ്യ വരിക്കാരനായി പ്രതാപന് ചേരുന്ന ചിത്രവും ഗോപാലകൃഷ്ണന് പുറത്തുവിട്ടു.
പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി.എസ്. അബൂബക്കറിനൊപ്പം എം.പി നില്ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ പ്രതാപന് സ്ഥിരം സാന്നിദ്ധ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ അണികളെ പറഞ്ഞുവിട്ടതിന് പ്രതാപനെതിരെ ലോക്സഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. എം.പി. എന്ന നിലക്ക് ചെയ്യരുതാത്ത കാര്യമാണ് പ്രതാപന് ചെയ്തത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശ്ശൂരിലെ മഹിളാസംഗമത്തിനിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ അലവിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ബിജെപി പരാതി നല്കി. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാനായി യൂത്ത് കോണ്‍ഗ്രസിന് സൗകര്യമൊരുക്കാന്‍ സിഐ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
മഹിളാ സമ്മേളനം നടക്കുന്ന മൈതാനിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സിഐ അലവി ശ്രമിച്ചതായാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നത്. പലവട്ടം ഇയാള്‍ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകര്‍ വന്ന വാഹനങ്ങള്‍ പലയിടത്തും അകാരണമായി തടഞ്ഞിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് മൈതാനിയില്‍ ആളുകള്‍ കയറുന്നതിന് തടസം നിന്നു. സിഐയുടെ ഇത്തരം പ്രവൃത്തികളുടെ വീഡിയോ ദൃശ്യങ്ങളും ബിജെപി പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സമ്മേളന വേദിക്കു സമീപം ചാണകവെള്ളം തളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറിനെ രണ്ടാം പ്രതിയാക്കിയാണ് കേസ്. യുവമോര്‍ച്ച നേതാവ് മനോജ് ഒന്നാം പ്രതിയാണ്. ഈസ്റ്റ് പോലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കൈപ്പമംഗലത്തിന്റെ പരാതിയിലാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ബിജെപി നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: