ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ദിനത്തില്‍ മഴയും ഇരുണ്ടുകൂടിയ ആകാശവും കേരള-യുപി പോരാട്ടത്തിന്റ മൂന്നിലൊരുഭാഗം കളി അപഹരിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം വൈകി തുടങ്ങിയ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ആതിഥേയര്‍ സന്ദര്‍ശകരെ വിരിഞ്ഞുമുറുക്കിയതാണ്. ഭാരത താരം റിങ്കു സിങ്ങിന്റെയും ധ്രുവ് ജൂറലിന്റെയും അര്‍ദ്ധ സെഞ്ചുറികളുടെയും മികവില്‍ യുപി കരുത്താര്‍ജ്ജിച്ചു.
ആലപ്പുഴ എസ്ഡി കൊളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തര്‍ പ്രദേശ് ആദ്യദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കളിനിര്‍ത്തുമ്പോള്‍ 64 ഓവറില്‍ അഞ്ചിന് 244 റണ്‍സെടുത്തിട്ടുണ്ട്. റിങ്കു സിങും(71) ധ്രുവ് ജുറലും(54) പുറത്താവാതെ ക്രീസിലുണ്ട്. ഭാരത താരം സഞ്ജു വി. സാംസണിന് കീഴിലിറങ്ങിയ കേരളം യുപിയെ തുടക്കത്തിലേ വരുതിയിലാക്കിയതാണ്. ഒരവസരത്തില്‍ അവര്‍ അഞ്ചിന് 124 എന്ന നിലയില്‍ ഉഴറിയപ്പോളാണ് റിങ്കു സിങ്ങ്-ധ്രുവ് ജൂറല്‍ കൂട്ടുകെട്ട് രക്ഷയായത്. ഇരുവരും ആറാം വിക്കറ്റില്‍ പിരിയാതെ 120 റണ്സെടുത്തുകഴിഞ്ഞു.
തുടക്കത്തില്‍ തന്നെ യുപിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സമര്‍ത്ഥ് സിംഗിനെ (10) എം. ഡി നീതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച ആര്യന് ജുയല്‍ (28) – പ്രിയം ഗാര്‍ഗ് (44) കൂട്ടുകെട്ടിനെ വൈശാഖ് ചന്ദ്രന് പൊളിച്ചു. ജുയലാണ് പുറത്തായത്. അധികം വൈകാതെ ഗാര്‍ഗിനെ ബേസില്‍ തമ്പി ബൗള്‍ഡാക്കി. അക്ഷ്ദീപ് നാഥ് (9), സമീര്‍ റിസ്വി (26) എന്നിവര്‍ക്കും തിളങ്ങായാനായില്ല. അതിഥി താരങ്ങളായ ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: