തിരുവനന്തപുരം: പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരായി നിന്ന് പോക്സോ കേസുകള്‍ അട്ടിമറിക്കുന്നു. പ്രതികളുടെ അഭിഭാഷകരുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ വാങ്ങി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള അനുകൂല സാഹചര്യവും സൃഷ്ടിക്കുന്നു. പോലീസ് ഓഫീസര്‍മാരും പ്രാദേശിക ജനപ്രതിനിധികളും ഇതിനു കൂട്ടുനില്‍ക്കുന്നു.
നെയ്യാറ്റിന്‍കര കോടതിയില്‍ ഒരു പോക്സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇടനിലക്കാരനായി പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന അതിജീവിതയുടെ പരാതി ശരിയെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറി. ഈ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.
കേസ് കോടതിയില്‍ എത്തിയാല്‍ പ്രതിയുടെ അഭിഭാഷകന് പബ്ലിക് പ്രോസിക്യൂട്ടറുമായി സംസാരിച്ച് ലക്ഷങ്ങളുടെ കരാര്‍ ഉറപ്പിക്കലാണ് ആദ്യഘട്ടം. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലുള്ളവര്‍ അതിജീവിതയുടെ രക്ഷകര്‍ത്താക്കളോട് സംസാരിച്ച് വിചാരണ വേളയില്‍ ഉണ്ടായേക്കാവുന്ന മാനഹാനിയെപ്പറ്റി തെറ്റിദ്ധരിപ്പിക്കും. വിചാരണവേളയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രതിയുടെ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് തീരുമാനിക്കും. സാക്ഷികളെ പരമാവധി സ്വാധീനിക്കാന്‍ നീക്കവും നടത്തും. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞ പ്രതിയുടെ പേര് മൊഴി നല്കുന്ന സമയത്ത് മറ്റാരോ പറഞ്ഞ് തന്നതാണെന്ന് വിചാരണ വേളയില്‍ അതിജീവിതയെക്കൊണ്ട് കോടതിയില്‍ പറയിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കേണ്ട ഇളവുകളും സര്‍ക്കാര്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍ നേടിയെടുക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായിട്ടുള്ളതെങ്കില് വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകും. വിവാദമായ കേസുകളിലാണെങ്കില്‍ പ്രതിക്ക്് രക്ഷപ്പെടാന്‍ പഴുതുകളിട്ടാകും കുറ്റപത്രം നല്‍കുക. ഭരണകക്ഷി നേതാക്കളോ പ്രവര്‍ത്തകരോ ആണ് പ്രതികളെങ്കില്‍ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉള്‍പ്പെടുത്തുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഉള്‍പ്പെടെ ഇടപെടും. ഇത്തരത്തില്‍ ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടമാണ് പോക്സോ കേസുകളില്‍ നടക്കുന്നത്.
കേസുകള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി
പോക്സോ കേസുകള്‍ അട്ടിമറിക്കുന്നുവെന്ന ഇന്റലിജന്‍സ് കണ്ടെത്തലിനെത്തുടര്‍ന്ന് ഡിജിപിയുടെ സാന്നിധ്യത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഒത്തുകളി നടന്നെന്ന് സംശയമുള്ള കേസുകള്‍ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്നു ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: