കോഴിക്കോട്: പുതുവര്‍ഷം ആഘോഷിക്കെ ഡിസംബര്‍ 31ന് രാത്രി ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ നിന്നും വീണ് മധ്യവയസ്‌കന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ്.മദ്യം വാങ്ങിയ പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ തളളിയിടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
തടമ്പാട്ട് താഴം സ്വദേശി അബ്ദുള്‍ മജീദിനെയാണ് ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ടത്. സുഹൃത്തായ അരുണിനെ പൊലീസ് പിടികൂടി. കൊലക്കുറ്റം ചുമത്തി.അബദുള്‍ മജീദിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണ കാരണം.
തടമ്പാട്ടു താഴം ജംഗ്ഷനിലെ ആളൊഴിഞ്ഞ ഒറ്റ നില വീടിന്റെ ടെറസിലാണ് അബ്ദുള്‍ മജീദും അരുണും ഉള്‍പ്പെടെ ആറ് പേര്‍ മദ്യപിച്ചത്. ഇവിടെ വച്ചായിരുന്നു തര്‍ക്കം. താഴെ വീണ അബ്ദുള്‍ മജീദിന്റെ ശരീരത്തിന് പുറമേ കാര്യമായ പരിക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇയാളെ കൃത്യം നടന്ന വീടിന് അകത്താക്കി അരുണ്‍ ഇവിടെ നിന്നും പോയി.
അടുത്ത ദിവസം രാവിലെയാണ് അബദുള്‍ മജീദിനെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതകത്തില്‍ അരുണിന് മാത്രമാണ് പങ്കെന്നാണ് നിഗമനമെങ്കിലും മറ്റുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണമുണ്ട്.
ചേവായൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച അബ്ദുള്‍ മജീദ് മരംവെട്ട് തൊഴിലാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: