കൊച്ചി : നവ കേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് അത്താണിയിലെ സിനാരിയോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നഗരസഭ അക്കൗണ്ടിലേക്ക് തിരിച്ചടച്ചത്.
നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ നഗരസഭ ചെയര്‍പേഴ്സനാണ് ബീന ശശിധരനാണ് ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭയുടെ നിര്‍ദ്ദേശത്തെ മറികടന്ന് പറവൂര്‍ ഭൂരേഖാ തഹസില്‍ദാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ സെക്രട്ടറി അനുവദിച്ചത്.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ നവകേരളയാത്രയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ പണം അനുവദിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാല്‍ തീരുമാനം റദ്ദാക്കാന്‍ തയ്യാറാകാതെ സെക്രട്ടറി പണം നല്കി. നേരത്തെ വന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു വാദം. തദ്ദേശ സ്ഥാപനങ്ങള്‍ ഒരു ലക്ഷം രൂപ നവകേരളാ സദസിനായി സംഭാവനയായി നല്‍കണമെന്നായിരുന്നു സെക്രട്ടറിമാര്‍ക്കുള്ള സര്‍ക്കാരിന്റെ ഉത്തരവ്.
എന്നാല്‍ ഈ ഈ കേസ് പരിഗണിച്ച കോടതി സെക്രട്ടറിയുടെ നടപടി തെറ്റാണെന്നും കൗണ്‍സില്‍, ചെയര്മാന് എന്നിവരുടെ നിര്‍ദേശം കൂടാതെ അത്തരത്തില്‍ നഗരസഭയുടെ തനത് വിഹിതം ഉപയോഗിക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നും കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: