ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് പരിപാടിക്കിടെ അവതാരകക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രീ റിലീസ് ചടങ്ങിനിടെ തനിക്ക് നേരെ അതിക്രമമുണ്ടായതായി വി ജെ ഐശ്വര്യ രഘുപതിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ആക്രമിച്ച യുവാവിനെ ഐശ്വര്യ തന്നെ നേരിടുകയും തന്റെ കാലിൽ വീണ് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും ഇവർ പങ്കിട്ടിട്ടുണ്ട്.
പ്രതിയെന്ന് കരുതപ്പെടുന്ന ആളിനെ ഐശ്വര്യ തല്ലുന്നതും അയാളോട് ഉച്ചത്തിൽ കയർത്ത് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വലിയൊരു ജനക്കൂട്ടം തന്നെ ഇരുവർക്കും ചുറ്റുമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ തന്റെ ചെരുപ്പുകൊണ്ട് അടി വേണ്ടെങ്കിൽ കാലിൽ വീണ് മാപ്പ് പറയണമെന്നും അധികം അഭിനയിക്കാതെ അത് ചെയ്യൂ എന്നും ഐശ്വര്യ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
Dear #Captainmiller team,
Before organizing event in big stages.. please ensure fan passes..
If you have less fans, don't conduct AL in big stages.Giving free passes will lead to this kind of shit things…
Good that girl shouted out 👏 pic.twitter.com/FrGgjVdgQK
— X-Tweep (@relatablebru_) January 3, 2024
തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഐശ്വര്യ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജനക്കൂട്ടത്തിൽ ഒരാൾ തന്നെ ശല്യപ്പെടുത്തിയെന്നും താൻ അയാളെ നേരിട്ടുവെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ പിന്തുടർന്നാണ് പിടിച്ചതെന്നും ഐശ്വര്യ തന്റെ പോസ്റ്റിൽ പറയുന്നു. സ്ത്രീയുടെ ശരീരത്തിൽ കയറി പിടിച്ച അവനെ വെറുതെ വിടുന്നത് തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ തന്നെ അയാളെ താൻ കൈകാര്യം ചെയ്തുവെന്നും ഐശ്വര്യ പറയുന്നു.നമുക്ക് ചുറ്റും നല്ല ആളുകളുണ്ട്, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ഒരുപാട് മനുഷ്യരുണ്ടെന്നും തനിക്കറിയാം എന്നാൽ ഇത്തരത്തിലുള്ള രാക്ഷസൻമാരുടെ ചുറ്റുപാടിൽ ജീവിക്കാൻ തനിക്ക് ഭയമാണെന്നും പോസ്റ്റിൽ അവർ വ്യക്തമാക്കി.
വീഡിയോ ജോക്കിയുടെ ധൈര്യപൂർവ്വമായ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ രീതിയിൽ എ ആർ റഹ്മാന്റെ സംഗീത നിശയ്‌ക്കിടയിലും സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായിരുന്നു. ഇതേ തുടർന്ന് പരിപാടിയിലെ അനിഷ്ട സംഭവങ്ങളിൽ താൻ മാപ്പ് പറയുന്നതായി റഹ്മാൻ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: