ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്ന 2003 ആഗസ്ത് ഒന്നിന്റെ സന്ധ്യയില്‍ സരയൂനദിക്കരയില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഹൃദയത്തില്‍ തൊട്ടുമുഴക്കിയ ജയ്ശ്രീറാം വിളികള്‍ ആകാശത്തും അലയൊലികള്‍ സൃഷ്ടിച്ചു. ‘രാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വഹീം ബനായേംഗേ’…. അന്നുയര്‍ന്ന ആ മുദ്രാവാക്യങ്ങള്‍ക്ക് വിലാപങ്ങളുടെയും വിതുമ്പലുകളുടെയും അകമ്പടിയുണ്ടായിരുന്നു.
അതൊരു പ്രക്ഷോഭമുഖമായിരുന്നില്ല. കരുത്തനായ ഒരു പ്രക്ഷോഭകാരിയുടെ അന്തിമചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ ജനതതിയുടെ പ്രഖ്യാപനമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും അവിടെ സന്നിഹിതരായിരുന്നു.
ചാറിപ്പെയ്ത ആരവങ്ങള്‍ക്കൊപ്പം കനം വയ്ക്കുന്ന മഴയിരമ്പങ്ങള്‍ക്ക് മീതെ വാജ്പേയി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പുതുക്കി. രാമജന്മഭൂമി വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ദിഗംബര്‍ അഖാഡയിലെ മഠാധിപതി, രാമജന്മഭൂമി മുക്തിയജ്ഞസമിതിയുടെ നായകന് മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ വിയോഗവേദിയായിരുന്നു അത്. ഇരുപത് വര്‍ഷം പിന്നിടുന്നു. രാമചന്ദ്രദാസിന്റെ തപസും അടല്‍ജിയുടെ പ്രതിജ്ഞയും യാഥാര്‍ത്ഥ്യമാകുന്നു.
നിലപാടുകളിലെ തീവ്രത കൊണ്ട് എതിരാളികള്‍ തീവ്രവര്‍ഗീയവാദി എന്ന് അധിക്ഷേപിച്ചതാണ് മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പ്രക്ഷോഭജീവിതം. 1913ല്‍ ബിഹാറില്‍ ജനിച്ച ചന്ദ്രേശ്വര്‍ തിവാരി പിന്നീട് അയോധ്യയിലെത്തി ദിഗംബര്‍ അഖാഡയില്‍ സന്യാസിയാവുകയായിരുന്നു. 1947ല്‍ ഭാരതം സ്വതന്ത്രമാകുന്ന കാലത്ത് ഹിന്ദുമഹാസഭയുടെ ഫൈസാബാദ് സിറ്റി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1949 ഡിസംബര്‍ 22ന്റെ രാത്രിയില്‍ രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരത്തില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ച അഭിരാം ദാസിന്റെ സംഘത്തില്‍ പരമഹംസുണ്ടായിരുന്നു.
ഗോരഖ്പൂരിലെ ഗോരക്ഷാപീഠാധിപതി മഹന്ത് ദിഗ്വിജയ് നാഥിന്റെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രക്ഷോഭം കരുത്താര്‍ജിച്ചപ്പോള്‍ രാമചന്ദ്രദാസ് മുന്നണിപ്പോരാളിയായി. 1984ല്‍, വിശ്വഹിന്ദുപരിഷത്ത് ആദ്യ ധര്‍മ്മ സന്‍സദ് വിളിച്ചുചേര്‍ത്ത് രാമജന്മഭൂമി ന്യാസ് രൂപീകരിച്ചപ്പോള്‍ അതിന്റെ അദ്ധ്യക്ഷനായി. മരണം വരെയും അതേ പദവിയില്‍ തുടര്‍ന്നു. പ്രക്ഷോഭത്തിന്റെ നാളുകളില്‍ ആ തീപ്പൊരി പ്രസംഗങ്ങള്‍ ജനലക്ഷങ്ങളെ ഇളക്കിമറിച്ചു.
1986 ഫെബ്രുവരിയില്‍, കോടതി ഉത്തരവിലൂടെ തര്‍ക്കമന്ദിരത്തിന്റെ പൂട്ട് തുറക്കുകയും കേസുകള്‍ ഫൈസാബാദില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തതോടെ അദ്ദേഹവും അതില്‍ കക്ഷിയായി. തീവ്രവര്ഗീയവാദിയെന്ന ആക്ഷേപങ്ങള്‍ക്കിടയിലും രാമചന്ദ്രദാസ് എതിരാളികളുടെയും മനംകവര്‍ന്നു. എതിര് ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരി പിന്നീട് മഹന്തിന്റെ ആരാധകനായത് അങ്ങനെയാണ്. അടല്‍ജിയുടെ ഭരണകാലത്ത് തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെ നടപടികള്‍ക്ക് വേഗം പോര എന്ന് കലഹിക്കാനും അദ്ദേഹം തയാറായി. രാമന് വിശ്വാസവും ആദര്‍ശവുമാണെന്നും എതിര്‍പ്പ് ഏത് ഭാഗത്തുനിന്നായാലും നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭിന്നതകള്ക്കെതിരായ പോരാട്ടമായിരുന്നു ആ ജീവിതം. പ്രാണപ്രതിഷ്ഠയ്ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി അങ്കണത്തില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കര്‍സേവകപുരത്തും രാമമന്ദിരകാര്യശാലയിലും പോരാളികളുടെ നായകരുടെ കൂട്ടത്തില്‍ സംന്യാസിയായ സമരനായകന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: