വൈദേശികാധിപത്യ കാലത്ത് ഒരിക്കല്‍പോലും ഹിന്ദുക്കള്‍ രാമജന്മഭൂമിക്കുമേലുള്ള അവകാശം കൈയൊഴിഞ്ഞിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചും അവര്‍ അവിടെ ക്ഷേത്രം ഉയര്‍ന്നുകാണാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. രാമജന്മഭൂമിതന്നെയാണ് അതെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു കാലത്തും സംശയങ്ങള്‍ ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്തെ ഔദ്യോഗികവും കോടതി സംബന്ധവുമായ നിരവധി രേഖകള്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിലൊന്നാണ് മഹന്ത് രഘുബര്‍ ദാസ് 1885ല്‍ ഫൈസാബാദ് സബ്കോടതിയില്‍ നല്കിയ കേസ്. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം(1886) ഹര്‍ജി നിരസിക്കുകയായിരുന്നു.
വെള്ളക്കാരനായ ജഡ്ജിയുടെ ഉത്തരവ് ഇങ്ങനെയായിരുന്നു: ”ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഒരിടത്ത് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഈ സംഭവം നടന്നത് 358 വര്‍ഷം മുന്‍പാണ്. ഇപ്പോള്‍ വല്ലാതെ വൈകിപ്പോയതിനാല്‍ പ്രശ്നപരിഹാരം സാധ്യമല്ല”. തര്‍ക്കം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ഇതിനുപിന്നിലുണ്ടായിരുന്നത്.
സാമുദായികാന്തരീക്ഷം തകരാറിലാവാതെ തല്‍സ്ഥിതി നിലനിര്‍ത്തുകയെന്ന നയത്തിന്റെ പേരില്‍ ക്ഷേത്രനിര്‍മാണം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളുകയാണുണ്ടായത്. രാമജന്മഭൂമിയുടെ കാര്യത്തില്‍ നീതിയും നിയമവുമല്ല, രാഷ്ട്രീയ താത്പര്യമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ കണക്കിലെടുത്തത്. ധര്‍മ്മവും നീതിയും നിയമവുമൊക്കെ ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നിട്ടും അതനുസരിച്ചുള്ള നടപടികള്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് ഉണ്ടായില്ല. സ്വാഭാവികമായും ഇതിന്റെ ആനുകൂല്യം ബാബറി മസ്ജിദിന്റെ വക്താക്കള്‍ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: