ശബരിമല: അമ്പത് തവണ മലചവിട്ടി അയ്യപ്പസ്വാമിയെ തൊഴുതതിന്റെ പുണ്യവുമായി അദ്രിതി തനയ. പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്പതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് അദ്രിതി മലയിറങ്ങിയത്. അച്ഛന് കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി ശബരീശ ദര്‍ശനം നടത്തിയത്.
ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്പത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്. ഈ കഴിഞ്ഞ ധനുമാസത്തില്‍ കാനനപാതയായ പുല്ലുമേട് വഴിയും അദ്രിതി ശബരിമലയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയിരുന്നു. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. എഴുകോണ്‍ ശ്രീനാരയണ ഗുരു സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അദ്രിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: