ഈശ്വരനു പ്രത്യേക താല്പര്യങ്ങളില്ല. ഈശ്വരനു പ്രത്യേക ബന്ധുവുമില്ല. അവിടുത്തെ സ്നേഹം നിഷ്പക്ഷവും സര്‍വ്വരോടും സമവുമാണ്. അവിടുന്ന് അവതാരമെടുക്കുന്നതു വഴി, ലോകത്തിനു മുഴുവന്‍ അനുഗ്രഹം ചൊരിയുന്നു. എന്നാല്‍ ലോകം ഈ അവസരവും ദിവ്യമായ ഈ ആനുകൂല്യവും നഷ്ടപ്പെടുത്തുന്നു. ആരാണോ ആ പ്രേമത്തിനു വിധേയനാകുന്നത് അവര്‍ അനുഗൃഹീതരാകുന്നു. ആരാണോ അവിടുത്തെ നിയമത്തെ ലംഘിക്കുന്നത്, അവര്‍ കൃപയില്‍നിന്നും അകന്നുപോകുന്നു. പാണ്ഡവരും കൗരവരും ഭഗവാന്റെ ദൃഷ്ടിയില് തുല്ല്യരായിരുന്നു. പാണ്ഡവര്‍ അവിടുത്തെ അനുസരിക്കുകയും, അവിടുത്തെ കൃപക്കു പാത്രമാവുകയും ചെയ്തു. കൗരവര്‍ ഭഗവാനെ അവഗണിക്കുകയും, അവരുടെ നാശം ക്ഷണിച്ചു വരുത്തുകയും ചെയ്തു.
ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈശ്വരനെ പ്രതിഷ്ഠിക്കുക നിങ്ങള്‍ എവിടെ പോവുകയാണെങ്കിലും, ഏതു മണ്ഡലത്തില്‍ ജോലി ചെയ്യുകയാണെങ്കിലും, നിങ്ങളുടെ ജീവിതത്തില്‍ കേന്ദ്രസ്ഥാനത്തുതന്നെ ഈശ്വരനു സ്ഥാനം കൊടുക്കുക. കുടുബത്തേയോ, സ്നേഹിതന്മാരേയോ, സമൂഹത്തേയോ, നിങ്ങളുടെ സ്വയം അഭിമാനംകൊള്ളുന്ന ബുദ്ധിയേയോ ഈ സംസാരത്തില്‍ (ലോകത്തില്‍) ആശ്രയിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഈശ്വരപാദത്തില് സമ്പൂര്‍ണ്ണം ശരണാഗതി അടയുകയാണെങ്കില്‍, ഈശ്വരന് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം സമാധാനം നല്‍കും, വിപരീത സാഹചര്യങ്ങളില്‍ നിങ്ങളെ രക്ഷിക്കും, ഈശ്വരപാദത്തിലേക്കു നിങ്ങളെ നയിക്കും.
തത്ത്വസംഹിതകളില്‍ നിങ്ങള്‍ക്കു പാണ്ഡിത്യമില്ലെന്നതു പ്രശ്നമല്ല. ഈശ്വരനോടു ഭക്തിയും വിശ്വാസവും ഉണ്ടായാല്‍ മതി. ഈശ്വരനാമത്തെ മുറുകെ പിടിക്കുക. അതു പഠിപ്പിനും പാണ്ഡിത്യത്തിനും മേലേയാണ്. തത്ത്വസംഹിതകള്‍ ജീവിത ലക്ഷ്യത്തേയും നിങ്ങളുടെ ഈശ്വരനുമായുള്ള ബന്ധത്തേയുമാണ് പ്രദിപാദിക്കുന്നത്. ഭക്തിയും വിശ്വാസവും, നിങ്ങളെ ഈശ്വരനുമായി സ്വരൈക്യം വരുത്തുന്നു. നിങ്ങളുടെ ഉള്ളില്‍ ഈശ്വരന് പ്രകടമായി എല്ലാ ശാസ്ത്രരഹസ്യങ്ങളും നിങ്ങളെ പഠിപ്പിന്നു.
വിവ: കെ.എന്‍.കെ. നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: