ബിക്കാനീര്‍: ‘ഞാനൊരുക്കുന്ന കണ്ണിലൂടെ ഭഗവാന് ലോകത്തെ കാണും. എന്തൊരു ഭാഗ്യമാണിത്, ബിക്കാനീറുകാരനായ വീരേന്ദ്ര സോണിയുടെ ആഹ്ലാദത്തിന് അതിരില്ല. നിലവില്‍ ശ്രീരാമജന്മഭൂമിയില് ആരാധിക്കുന്ന ബാലകരാമവിഗ്രഹത്തിന്റെ കണ്ണുകള്‍ ജോധ്പൂരില്‍ കൊത്തിയെടുത്ത് ബിക്കാനീറില്‍ ഇനാമല്‍ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ്.
വീരേന്ദ്ര സോണി ആദ്യമായി അയോദ്ധ്യയില്‍ പോയത് 2017 ജൂണ്‍ 16നാണ്. പിന്നീട് പലപ്പോഴും ബാലകരാമദര്ശനത്തിനായി അവിടെ പോയി. കരകൗശല വേലകളുടെ ഭാഗമായി പലക്ഷേത്രങ്ങളിലേക്കും ദേവതാ വിഗ്രഹങ്ങള്‍ക്ക് നേത്രങ്ങള്‍ നിര്‍മിക്കുമായിരുന്നു അദ്ദേഹം. അയോദ്ധ്യയിലെ രാമവിഗ്രഹത്തിനും കണ്ണുകള്‍ ഒരുക്കണമെന്ന ആഗ്രഹം ശക്തമായപ്പോള്‍ അത് ദിവസങ്ങള്‍ക്ക് മുമ്പ് പൂജാരിയോട് പറഞ്ഞു.
ദര്‍ശനത്തിനായി അയോദ്ധ്യയില്‍ പോകുമ്പോള്‍ നേരത്തെ തയാറാക്കിയ കണ്ണുകള്‍ മോഡലായി കൊണ്ടുപോയി. ക്ഷേത്രപൂജാരി സന്തോഷ് തിവാരിക്ക് അവ ഇഷ്ടമായി. ജനുവരിയില്‍ പഴയ ബാലകരാമവിഗ്രഹത്തിന്റെ കണ്ണുകളുടെ മാതൃക വീരേന്ദ്രസോണിക്ക് അദ്ദേഹം കൈമാറി. ഇതേ മാതൃകയില്‍ പുതിയത് തീര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഏപ്രില്‍ 11ന് സ്വര്‍ണം പൂശിയ കണ്ണുകള്‍ വീരേന്ദ്രസോണി തയാറാക്കി. ജൂലൈ 15ന് സന്തോഷ് തിവാരി അത് വിഗ്രഹത്തില്‍ സ്ഥാപിച്ചു. അഞ്ച് ദിവസമെടുത്താണ് കണ്ണുകള്‍ വരച്ചുണ്ടാക്കിയത്. അയോദ്ധ്യയിലെ താത്കാലിക മന്ദിരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ കണ്ണുകള്‍ വീരേന്ദ്ര സോണിയുടെ പൂര്‍വികര്‍ നിര്‍മ്മിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: