കൊച്ചി: രാമസേവയ്‌ക്കായി അണിനിരന്ന ലക്ഷക്കണക്കിന് കര്‍സേവകരില്‍ ഒരാളാണ് ആലുവ കീഴ്മാട് സ്വദേശി കെ.എ. പ്രഭാകരന്‍… ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കും എന്ന് പ്രതിജ്ഞ ചെയ്തിറങ്ങിയവരില്‍ ഒരുവന്‍…. അന്ന് ആര്‍എസ്എസിന്റെ വാഴക്കുളം ഖണ്ഡ് കാര്യവാഹായിരുന്നു പ്രഭാകരന്‍… ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ആ നാളുകള്‍ ജന്മഭൂമിയോട് അദ്ദേഹം പങ്ക് വച്ചതിങ്ങനെ…
”നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.
തിരിച്ചു വരില്ല എന്ന ഉറപ്പുള്ളവര്‍ മാത്രം കര്‍സേവയ്‌ക്ക് പോയാല്‍ മതിയെന്നായിരുന്നു അന്ന് കിട്ടിയ നിര്‍ദേശം. അയോദ്ധ്യയിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സഹോദരിമാരുടെയും ജ്യേഷ്ഠന്മാരുടെയും അച്ഛനമ്മമാരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുനീര്‍ ഇന്നും ഓര്‍മയിലുണ്ട്. ജയ് ശ്രീറാം വിളിച്ചാണ് അവര്‍ യാത്രയാക്കിയത്. പലരും വിതുമ്പുന്നുണ്ടായിരുന്നു.
1990 ഒക്ടോബര്‍ 26ന് ആണ് ആലുവയില്‍നിന്നും പുറപ്പെട്ടത്. അന്ന് ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആയിരുന്ന പി.ഇ.ബി. മേനോന്‍ കര്‍സേവകരെ ആശീര്‍വദിച്ച് റയില്‍വേ സ്റ്റേഷനില്‍ സംസാരിച്ചു. ഹിമസാഗര്‍ എക്സ്പ്രസില്‍ തിങ്ങിക്കൂടി യാത്ര. മൂന്ന് ദിവസം ഇരിക്കാന്‍ സീറ്റോ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല… ഝാന്‍സിയില്‍ ട്രെയിനുകള്‍ തടഞ്ഞു. പിന്നെ അയോദ്ധ്യയിലേക്ക് നടന്നു.
ഞങ്ങള്‍ എത്തുമ്പോഴേക്ക് അവിടെ കര്‍സേവകര്‍ക്കെതിരെ വെടിവയ്പുണ്ടായിരുന്നു.. അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എല്ലായിടത്തും പടര്‍ന്നു. എല്ലാ സ്ഥലങ്ങളിലും പോലീസും പട്ടാളവും… പക്ഷേ രാമസേവകരെ സഹായിക്കാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്കി. യാത്രയ്‌ക്കിടയില്‍ ക്ഷീണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഭട്ജി കഥകള്‍ പറയും. തളരാതിരിക്കാന്‍ അത് പ്രേരണയാകും.”
ശിലാപൂജയില്‍, കര്‍സേവയില്‍, ശ്രീരാമക്ഷേത്രത്തിനുള്ള നിധിസമാഹരണ യജ്ഞത്തില്‍, ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ സമ്പര്‍ക്കത്തില്‍… രാമകാര്യം ചെയ്യാനുള്ള അവസരം ഭഗവാന്‍ നേരിട്ട് തന്നതാണെന്ന് കെ.എ. പ്രഭാകരന്‍ പറയുന്നു. ഇപ്പോള്‍ ബിഎംഎസിന്റെ എറണാകുളം ജില്ലാ ഭാരവാഹിയാണ്. ബസ് ആന്‍ഡ് ഹെവി യൂണിയന്‍ സംസ്ഥാന ട്രഷറര്‍, അസംഘടിത യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: