കൊച്ചി : നവകേരള സദസ്സിനായി എറണാകുളത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാണിച്ചതില്‍ അറസ്റ്റിലായ യൂത്തുകോണ്‍ഗ്രസ്സുകാര്‍ക്ക് ജാമ്യം. മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും കേസ് സംബന്ധിച്ചും സംഘര്‍ഷം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഔദ്യോഗിക പത്രക്കുറിപ്പായി ഇറക്കുമെന്നും പാലാരിവട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനല്‍ തോമസ്, മുഹമ്മദ് ഷെഫിന്‍, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ജാമ്യത്തിലിറക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയാല്‍ അറസ്റ്റുചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്‌ക്കാം എന്ന് പോലീസ് സ്റ്റേഷന്‍ അറിയിക്കുകയായിരുന്നു. പിന്നീട് സിപിഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി മടങ്ങിയതോടെ അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത രീതിയില്‍ പുതിയ വകുപ്പുകള്‍ ചുമത്തിയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി ഏഴ് മണിക്കൂറോളം ഉപരോധിച്ചു. എംപി ഹൈബി ഈഡന്‍, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, ഡിസിസി പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.
മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ഓടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ജാമ്യം കിട്ടിയ പ്രവര്‍ത്തകര്‍ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വീകരണം നല്‍കുകയും സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പാലാരിവട്ടം സംഭവം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹൈബി ഈഡന്‍ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളത്ത് തിങ്കളാഴ്ച നടന്ന നവകേരളയാത്രയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചതില്‍ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി വീശിയത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇപ്പോള്‍ നടത്തുന്നത്. തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ചയോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പര്യടനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: