ചങ്ങനാശ്ശേരി: ജാതി തിരിച്ചുള്ള സെന്‍സസ് നടപടികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്‍എസ്എസ് ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ളയായിരുന്നു അവതാരകന്‍. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ അനുവാദകനായി. പ്രമേയം സമ്മേളനം ഐകകണ്‌േഠ്യന അംഗീകരിച്ചു.
പ്രമേയം:
മതേതരത്വം ഏതെങ്കിലും മതത്തേയോ ജാതിയേയോ വര്‍ഗത്തേയോ വിഭാഗത്തേയോ വളര്‍ത്താനോ തളര്‍ത്താനോ ഉളളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ്. ഭരണഘടനാ ശില്പികളുടെ ലക്ഷ്യവും അതായിരുന്നു.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും സംഘടിതശക്തിക്ക് മുമ്പില്‍ അടിയറപറയുകയും ചെയ്യുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുളള മുറവിളിയും ജാതിതിരിച്ചുളള സെന്‍സസും. ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുളള നിയമ നിര്‍മാണങ്ങള്‍ ഇതു വ്യക്തമാക്കുന്നതാണ്.
രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയും ആരോഗ്യപരമല്ലാത്തതുമായ ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേക്ക് തുടങ്ങിവച്ച സംവരണം, വര്‍ഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍ നിന്നുതന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ്. ജാതിസംവരണം ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 15 (1) ന്റെ ലംഘനമാണെന്ന് സുപ്രീം
കോടതി തന്നെ വിധിച്ചിട്ടുണ്ട്. കോടതിവിധികള്‍ മറികടക്കുന്ന സമീപനമാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുളളത്.
ജാതിസംവരണം നല്‍കാനുളള വാദം ശക്തിപ്രാപിക്കുന്നതും അതിനെ രാഷ്‌ട്രീയകക്ഷികള്‍ പരിപോഷിപ്പിക്കുന്നതും വോട്ടുരാഷ്‌ട്രീയമാണ്. ജാതിസംവരണം വംശീയമായ വിവേചനം വര്‍ദ്ധിപ്പിക്കും. വിവിധ ജാതികള്‍ തമ്മിലുളള സ്പര്‍ദ്ധയ്‌ക്കും തുടര്‍ന്ന് വര്‍ഗീയതക്കും വഴിതെളിക്കും. ജാതിസംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെളളം ചേര്‍ക്കുന്നു. സാമൂഹ്യ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതും സാമുദായികശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും സങ്കുചിത രാഷ്‌ട്രീയമാണ്. പിന്നാക്കജാതിയിലെ മുന്നാക്കക്കാര്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുളളവര്‍ കൂടുതല്‍ പിന്നാക്കാവസ്ഥയിലേയ്‌ക്ക് പിന്തളളപ്പെടുകയും ചെയ്യുന്നതാണ് ഗുരുതരം.
സംവരണജാതിക്കാരും സംവരണമില്ലാത്തവരും പരസ്പരവൈരികളായി മാറുന്ന സവര്‍ണ – അവര്‍ണ സംസ്‌കാരം വളരുന്നതിന് ആധാരം ജാതിസംവരണമാണ്. ഇത് രാജ്യത്തിന് ഗുണകരമല്ല. ജാതിമതവ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും തൊഴില്‍പരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ എത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. അതിനുവേണ്ടി, വോട്ടുരാഷ്‌ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിര്‍ത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതയ്‌ക്കും വിഘാതമായി നില്‍ക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കുകയും ജാതിതിരിച്ചുള്ള സെന്‍സസ് ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണെന്ന് സര്‍ക്കാരുകളോട് പ്രമേയം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: