കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച് കെസിബിസി. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി പറഞ്ഞു.
സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതിൽ രാഷ്‌ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി കൂട്ടിച്ചേർത്തു. സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാന്‍ ഇവരുടെ കൈയ്യിൽ ഒരു നിഘണ്ടു ഉണ്ട്. ആസ്കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ.
ഇന്നലെയാണ് സജി ചെറിയാൻ ക്രൈസ്തവ പുരോഹിതർക്കെതിരായി മോശം പരാമർശം ഉന്നയിക്കുന്നത്. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. സിപിഎം പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസായ ആർ മുരളീധരൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: