തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളജില്‍ പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്ന ഗോപുരവാതിലില്‍ ചാന്‍സലറായ ഗവര്‍ണറെ അപമാനിച്ചു കൊണ്ട് കറുത്ത തുണിയില്‍ എസ്എഫ്‌ഐ ബാനര്‍ വലിച്ചുകെട്ടി.
കാര്‍ഷിക കോളജിലെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളെല്ലാം തന്നെ യാത്ര ചെയ്യുന്നതും ഈ ഗോപുര വാതിലിലെ ബാനര്‍ കണ്ടുകൊണ്ടാണ്. വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ബാനര്‍ നീക്കാത്തത് അദ്ദേഹത്തെ അപമാനിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുന്നതിന് തുല്യമാണെന്ന് കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് ആരോപിച്ചു.
ദിവസങ്ങളായിട്ടും ബാനര്‍ നീക്കാത്തതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു ബാനര്‍ അതേ സ്ഥലത്ത് തന്നെ സ്ഥാപിച്ചു. ചാന്‍സലറെ അപമാനിക്കുന്ന ബാനര്‍ നീക്കാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആ നിസ്സംഗത കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി.എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പി. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക