ഡോ. സുകുമാര്‍ കാനഡയുടെ പുതിയ പുസ്തകമാണ് ‘സനാതനം, ബഹുസ്വരം.’ ഹിന്ദുത്വവുമായി ബന്ധപ്പെട്ട സമകാലിന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 25 ലേഖനങ്ങളുടെ സമാഹാരമാണിത്.
വിഷയം ആദ്ധ്യാത്മികം എന്നതുകൊണ്ട് കടുകട്ടി എന്ന മുന്‍വിധി വേണ്ട എന്ന് മുന്‍കൂറായി പറയുന്നു. സംസ്‌കൃത പദങ്ങളും ശ്ലോകങ്ങളും ഉദ്ധരണികളും സുദീര്‍ഘ വാചകങ്ങളും കുത്തിനിറച്ച പണ്ഡിത പാരായണ ഗ്രന്ഥമല്ല ഈ പുസ്തകം. വളരെ ഗഹനമായ വിഷയങ്ങള്‍ തികച്ചും ലളിതമായി സര്‍വ സാധാരണക്കാരന്റേയും ഉള്ളില്‍ പതിയുന്ന തരത്തില്‍ എഴുതിയിരിക്കുന്നു.
പ്രവാസി മലയാളികള്‍ക്കിടയില്‍ മികച്ച എഴുത്തുകാര്‍ ചുരുക്കമായിട്ടുണ്ടെങ്കിലും ഉണ്ട്. മികച്ച കഥാകൃത്തുക്കളും നോവലിസ്റ്റുകളും യാത്രാവിവരണക്കാരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ വേദാന്തവും ഭാരതീയ തത്ത്വശാസ്ത്രവും മുഖ്യ വിഷയമായി എടുത്ത് ഗ്രന്ഥ രചന നടത്തുന്ന പ്രവാസി മലയാളികള്‍ ഉണ്ടോ എന്നത് സംശയമാണ്. അവിടെയാണ് ഡോ. സുകുമാറിനെ വേറിട്ടുനിര്‍ത്തുന്നത്. ആത്മീയതയിലും സാഹിത്യത്തിലും കര്‍ണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള ഡോ. സുകുമാറിന്റെ രചനകളിളെല്ലാം മുന്തിനില്‍ക്കുന്നത് വേദാന്തം തന്നെയാണ്.
അറിവുണ്ടെങ്കില്‍ ആരേയും ആക്ഷേപിക്കാതെ എല്ലാറ്റിനേയും ആദരിച്ചുകൊണ്ടുതന്നെ ഹിന്ദു മതത്തിന്റെ മഹത്വം എവിടെയും പറയാനും സ്ഥാപിക്കാനും കഴിയും എന്ന് അടിവരയിടുകയാണ് ഈ പുസ്തകത്തിലൂടെ സുകുമാര്‍. അച്ഛന്‍ ഇരുപത്തിരണ്ടു കൊല്ലം മുന്‍പ് ബുക്ക് ചെയ്തിരുന്ന ഗുരുവായൂരിലെ ഉദയാസ്തമന പൂജയില്‍ പങ്കെടുത്തതിന്റെ അനുഭവം ഡോ. സുകുമാര്‍ വിവരിക്കുമ്പോള്‍ വായനക്കാര്‍ക്ക് കവി എസ്. രമേശന്‍ നായര്‍ വിവരിച്ച ‘ഗുരുവായൂരമ്പലം എന്ന ശ്രീവൈകുണ്ഠം’ നേരില്‍ കാണുന്നതുപോലെ തോന്നും. അതോടൊപ്പം ഗുരുവായൂരില്‍ യഥാര്‍ത്ഥ ഭക്തനു കിട്ടുന്ന തിക്താനുഭവും വിവിഐപി ഭക്തര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ക്ഷേത്രപാലകരുടെ അനാസ്ഥയും എല്ലാം കോറിയിടുന്നുമുണ്ട്.
ബാലിവധത്തിന്റേയും സീതാ പരിത്യാഗത്തിന്റേയും പേരില്‍ രാമയണത്തേയും ശ്രീരാമനേയും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായി ‘വിവാദങ്ങള്‍ ശ്രീരാമകഥയിലെ അക്ഷരപ്പൂട്ടുകള്‍’ എന്ന അധ്യായത്തില്‍ ഡോ. സുകുമാര്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് എഴുതുന്നു. മാനേജുമെന്റും അക്കൗണ്ടബിലിറ്റിയും എന്നൊരു ചെറിയ അധ്യായം ഉണ്ട്. ഭരതന്റെ ഭരണനിപുണതയാണ് ഇതില്‍ മനോഹരമായി കുറിച്ചിടുന്നത്.
ക്ഷേത്ര ചൈതന്യം, ക്ഷേത്രാരാധന, ക്ഷേത്രപ്രവേശനം, ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയുടെ ശാസ്ത്രീയതയും സങ്കല്‍പ്പവും പാരമ്പര്യവും മൂല്യവും വളരെ ലളിതമായി വിവരിക്കുന്ന അധ്യായങ്ങള്‍ ഒന്നിലധികമുണ്ട്. ക്ഷേത്രാരാധനയുടേയും ക്ഷേത്രപ്രവേശനത്തിന്റേയും പേരില്‍ ഹൈന്ദവ മൂല്യങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയും സുകുമാര്‍ നല്‍കുന്നു.
ഹനുമാനാണ് ഡോ. സുകുമാറിന് ഇഷ്ട പുരാണ പുരുഷനാണെന്നു തോന്നുന്നു. ആദ്യ അധ്യായം (സമഗ്രമായ ആത്മീയത) ഹനുമാനെക്കുറിച്ചാണ്. ഭക്തികര്‍മ്മജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരല്‍ ഹനുമാനില്‍ കാണുന്ന സുകുമാര്‍ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാനചിന്തധാരകളായ ദൈ്വതം, വിശിഷ്ടാദൈ്വതം, അദൈ്വതം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് മാര്‍ഗ്ഗദീപമായി ഹനുമാന്‍ നിലകൊള്ളുന്നതായി സമര്‍ത്ഥിക്കുന്നു.
ഏറെപ്പേര്‍ ആദരിക്കുകയും ഒരുപക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആള്‍ദൈവം എന്നു പുച്ഛത്തോടെ പരാമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും സുകുമാര്‍ നല്‍കുന്നുണ്ട്. എല്ലാ പ്രവാചകന്മാരും ആള്‍ദൈവങ്ങള്‍ തന്നെയാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഓണവും മഹാബലിയും ഹൈന്ദവ സമൂഹത്തെ ആക്ഷേപിക്കാനുപകരണമാക്കുന്നവരുടെ കണ്ണുതെളിയിക്കുന്ന രണ്ട് ലേഖനങ്ങളുണ്ട്. മഹാബലി യോഗവാസിഷ്ടത്തില്‍ നിന്ന് ഒരേട്, വീണ്ടും ചില തിരുവോണചിന്തകള്‍ എന്നിവയാണിത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍ വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡിസ്റ്റാറല്ല’ മഹാബലി എന്ന് ഡോ. സുകുമാര്‍ തെളിയിക്കുന്നു. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗദര്‍ശിയായ ബലിചക്രവര്‍ത്തി മഹാബലിയായ കഥയാണ് നാം പുതുതലമുറയ്‌ക്ക് പറഞ്ഞു കൊടുക്കേണ്ടതെന്ന് ഡോ. സുകുമാര്‍ നിര്‍ദ്ദേശിക്കുന്നു. യോഗവാസിഷ്ടം എന്ന മഹാരാമായണം, തത്ത്വമസി പരാശക്തീ യോഗമന്ത്രസാധന, ദേവീ വിശ്വരൂപദര്‍ശനം, നവരാത്രിപൂജ വ്യാസപ്രോക്തം, ബലിതര്‍പ്പണം, ശാസ്ത്രസാന്നിദ്ധ്യം പ്രാചീന സംസ്‌കൃതഗ്രന്ഥങ്ങളില്‍ എന്നീ ലേഖനങ്ങള്‍ വിഷയങ്ങളെ സമഗ്രതയില്‍ ലളിതമായി വിവരിക്കുന്നവയാണ്.
സ്വാമി ചിദാനന്ദപുരിയുമായുള്ള സുദീര്‍ഘ അനുഭവം പുസ്തകത്തിലെ വേറിട്ട അധ്യായമാണ്. ലേഖനങ്ങള്‍ക്ക് തിലകക്കുറി എന്നതുപോലെ ചേര്‍ത്തിരിക്കുന്ന കവിതകളില്‍ സ്വന്തം രചനകളാണ് അധികവും എന്നതും സുകുമാറിന്റെ പാണ്ഡിത്യത്തിനൊപ്പം ഭാവനയുടേയും നേര്‍ക്കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക